Zygo-Ad

മുക്കാളി റെയില്‍വേ സ്റ്റേഷൻ നിര്‍ത്തലാക്കില്ലെന്ന് ഡി.ആര്‍.എം ഉറപ്പ് നല്‍കി -ഷാഫി പറമ്പില്‍ എം.പി


വടകര: മുക്കാളി റെയില്‍വേ സ്റ്റേഷൻ പ്രവർത്തനം നിർത്തലാക്കില്ലെന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജർ (ഡി.ആർ.എം) അരുണ്‍ കുമാർ ചതുർവേദി ഉറപ്പു നല്‍കിയതായി ഷാഫി പറമ്പില്‍ എം.പി.

ചതുർവേദിയുമായി ഡിവിഷൻ ഓഫിസില്‍ നടന്ന കൂടി കാഴ്ചയില്‍ മുക്കാളി റെയില്‍വേ സ്റ്റേഷന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ഉറപ്പ് ലഭിച്ചതെന്ന് ഷാഫി പ്രസ്താവനയില്‍ പറഞ്ഞു. 

കോഴിക്കോട്-മംഗലാപുരം റൂട്ടില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചർച്ച ചെയ്തു. ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിനെ സംബന്ധിച്ചും റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ കുറിച്ചും ചർച്ചയുണ്ടായി. 

സമയ ക്രമീകരണത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ കൂടി പരിഗണിച്ച്‌ ട്രെയിനുകള്‍ക്ക് നിർത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. 

യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കി സമയം ക്രമീകരിച്ച ഇന്റർസിറ്റി അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. സേലം ഡിവിഷൻ അധികാരികളുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം എടുക്കുന്നതിന് പരിശ്രമിക്കാമെന്ന് ഡി.ആർ.എം ഉറപ്പ് നല്‍കി. 

നിലവില്‍ ഡെപ്പോസിറ്റ് വർക്ക് ആയി പരിഗണിയിലുള്ള നന്തി അണ്ടർ പാസ്സ്‌, തലശ്ശേരി പുതിയ സ്റ്റാൻഡില്‍ നിന്നും റെയിവേ സ്റ്റേഷനിലേക്കുള്ള റോഡ് എന്നിവയുടെ സാങ്കേതിക, സാധ്യത പരിശോധന ഉടൻ നടത്തുവാനും തീരുമാനിച്ചു. 

കോവിഡിനു ശേഷം ടെമ്പിൾ ഗേറ്റ്, മുക്കാളി, നാദാപുരം റോഡ്, ഇരിങ്ങല്‍, തിക്കോടി, ചേമഞ്ചേരി, വെള്ളറക്കാട് തുടങ്ങിയ സ്റ്റേഷനുകളില്‍ പാസഞ്ചർ ട്രെയിനുകള്‍ക്കുള്ള സ്റ്റോപ്പ് റദ്ദാക്കിയതിനാല്‍ ഹ്രസ്വ ദൂര യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പെടുത്തി. 

റെയില്‍വേ ലൈനിനോട് ചേർന്നുള്ള ഭൂമിയില്‍ വീട് നിർമ്മിക്കാനായി എൻ.ഒ.സി ലഭിക്കാനുള്ള കാല താമസം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. 

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 9 കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ ഇതിനകം നടപ്പിലാക്കി. 

തലശ്ശേരി പുതിയ ബസ്‌ സ്റ്റാൻഡില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് നിർമ്മാണവും കാട് പിടിച്ച കിടക്കുന്ന റെയില്‍വേ ഭൂമിയുടെ വികസന സാധ്യതയും പരിശോധിക്കാനായി വിദഗ്ധ സംഘത്തോടൊപ്പം ഒരുമിച്ച്‌ ഫീല്‍ഡ് വിസിറ്റ് നടത്തി സംയുക്ത പരിശോധന നടത്തുവാനും തീരുമാനിച്ചു.

വളരെ പുതിയ വളരെ പഴയ