തലശ്ശേരി: ട്രെയിന്‍ കടന്നു പോവുമ്പോള്‍ ഗേറ്റ് കീപ്പര്‍ താക്കോല്‍ ഇട്ട് ആയാസപ്പെട്ട് ഗേറ്റ് അടക്കുന്ന സംവിധാനം മാറി കഴിഞ്ഞു. അങ്ങനെ തലശ്ശേരി രണ്ടാം റെയില്‍വേ ഗേറ്റിലും ഇലക്ട്രിക് ലിഫ്റ്റിംഗ് ബാരിയര്‍ സംവിധാനം നടപ്പാക്കി കഴിഞ്ഞു.
ഗേറ്റിനടുത്ത് കാബിനും ഗേറ്റ് കീപ്പറും ഉണ്ടാകും. ബന്ധപ്പെട്ട സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ മാസ്റ്റരുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ ഗേറ്റ് കീപ്പര്‍ കാബിനിലെ ബൂം ലോക്ക് പ്രവര്‍ത്തിപ്പിക്കും. സ്വിച്ചിട്ടാല്‍ തത്സമയം മുതല്‍ അലാറം മുഴക്കി ഗേറ്റ് താഴാന്‍ തുടങ്ങും. പത്ത് സെക്കൻ്റിനകം ഗേറ്റടയും.
വണ്ടികള്‍ കടന്നു പോയാല്‍ മാത്രമേ ഗേറ്റ് ഉയരുകയുള്ളൂ. അതും ഓട്ടമാറ്റിക് വൈദ്യുതി സ്വിച്ചിനാല്‍ നിയന്ത്രണത്തില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിലയിടങ്ങളില്‍ ഇലക്ട്രിക്കല്‍ ഗേറ്റ് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നടപ്പായിരുന്നില്ല.
അതേ സമയം പഴയ കാലത്തെ വലിച്ചടക്കുന്ന ഗേറ്റ് മുതല്‍ റെയില്‍ വേയിലെ ഓരോ മാറ്റങ്ങളും ആകാംഷയോടെയാണ് പൊതു ജനങ്ങള്‍ കാണുന്നത്.
ഓട്ടോമാറ്റിക് സംവിധാനത്തിന് ഏതെങ്കിലും സാഹചര്യത്തില്‍ തകരാര്‍ സംഭവിച്ചാല്‍ പകരം സംവിധാനവും ഉണ്ട്. നിലവില്‍ തലശ്ശേരി രണ്ടാം ഗേറ്റ്, ചിറക്കല്‍ ആര്‍പ്പാന്തോട് എന്നിവിടങ്ങളിലാണ് പുതിയ സംവിധാനം ഉള്ളത്.