തലശ്ശേരി: ടി.പി.ചന്ദ്രശേഖരൻ കൊലക്കേസില്‍ പരോളിലിറങ്ങിയ കൊടി സുനി ബുധനാഴ്ച കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാജരാകണം.
സുനി പ്രതിയായ ഇരട്ടക്കൊലക്കേസ് വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(മൂന്ന്)യില്‍ നടക്കുന്നതിനാല്‍ കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതിയുത്തരവ്.
പരോള്‍ കാലാവധി ബുധനാഴ്ച കഴിയുന്ന സുനി തവനൂർ സെൻട്രല്‍ ജയിലിലാണ് ഹാജരാകേണ്ടിയിരുന്നത്. രാവിലെ ഒൻപതിന് കണ്ണൂർ ജയിലില്‍ ഹാജരാകുന്ന സുനിയെ 11-ന് തലശ്ശേരി കോടതിയില്‍ ഹാജരാക്കണം.
കണ്ണൂരില്‍ ഹാജരായ വിവരം തവനൂർ ജയിലില്‍ അറിയിക്കാനും കോടതി നിർദേശിച്ചു. ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായ ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് സുനി.
കേസില്‍ ഒന്നാംസാക്ഷി ഒ.പി.രജീഷിനെ ചൊവ്വാഴ്ച വിസ്തരിച്ചു. ആറുപ്രതികളെയും ആയുധവും സാക്ഷി തിരിച്ചറിഞ്ഞു. ജഡ്ജി റൂബി കെ.ജോസ് മുമ്പാകെ സാക്ഷിവിസ്താരം ബുധനാഴ്ച തുടരും. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞു നിർത്തി ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. സി.പി.എം. പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികള്‍. രണ്ടു പേർ സംഭവ ശേഷം മരിച്ചു. 2010 മേയ് 28-ന് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍ വെച്ചാണ് കൊലപാതകം.