തലശ്ശേരി: ഭരണഘടനയ്‌ക്ക് ഏതിരായ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് പൗര ധര്‍മമാണെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ സിപിഎ ലത്തീഫ്.
'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന മുദ്രാവാക്യമുയര്‍ത്തി റിപ്പബ്ലിക് ദിനത്തില്‍ എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളുടെയും വ്യത്യസ്തതകളുടെയും രാജ്യത്ത് ഒന്നാണ് ഇന്ത്യ എന്ന ഐക്യ ബോധം സൃഷ്ടിക്കുന്നത് മഹത്തായ ഭരണഘടനയാണ്. രാജ്യത്തിന്റെ മുഴുവന്‍ വൈവിധ്യങ്ങളും ഉള്‍ച്ചേര്‍ത്തും കാലോചിതമായും ജനഹിതം നടപ്പാക്കാനുള്ള അടിസ്ഥാന രേഖയെന്ന നിലയിലാണ് ഭരണഘടന വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
സമത്വവും നീതിയും സ്വാതന്ത്ര്യവുമാണ് അതിന്റെ അടിക്കല്ല്. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവില്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തി ഭരണഘടനാ മൂല്യങ്ങളെ കശാപ്പുചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിനു കീഴില്‍ നടന്നു കൊണ്ടിരിക്കുന്നത്.
ഏക സിവില്‍ കോഡ് മുതല്‍ ഒറ്റ തിരഞ്ഞെടുപ്പ് വരെയുള്ള അവരുടെ നിയമ നിര്‍മാണങ്ങളെല്ലാം അതിന്റെ ഭാഗമാണ്. ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുകയും ഭരണഘടനാ സ്ഥാപനത്തിലിരുന്നു കൊണ്ടു തന്നെ ഭരണഘടനാ ശില്‍പ്പിയെ പോലും അവഹേളിക്കുകയും ചെയ്യുന്നു.
രാജ്യം പൗരനു നല്‍കുന്ന അംഗീകാരമായ പൗരത്വം പോലും മതാടിസ്ഥാനത്തില്‍ ആക്കിയിരിക്കുന്നു. മഹത്തായ ഭരണഘടനയെ അസ്ഥിരപ്പെടുത്തി മനുസ്മൃതിയെ ഭരണ ഘടനയാക്കി മാറ്റാനും വര്‍ണ വിവേചനവും അസമത്വവും തിരിച്ചു കൊണ്ടു വരാനുമാണ് സംഘ പരിവാരം ശ്രമിക്കുന്നത്.
ഭരണഘടന ദുര്‍ബലപ്പെട്ടാല്‍ രാജ്യം ശിഥിലമാകും. ഭരണഘടന നിലനില്‍ക്കേണ്ടത് അധികാരികളുടെ ആവശ്യമല്ല. അവരുടെ സ്വേച്ഛാധികാര പ്രവണതകളെ തടഞ്ഞുനിര്‍ത്തുന്നത് ഭരണഘടനയാണ്.
ഭരണഘടന ഉറപ്പു നല്‍കുന്ന സാമൂഹിക നീതിയും രാഷ്ട്രീയ നീതിയും പൗര സമൂഹത്തിന് അനുഭവിക്കാനാവണം. അതുകൊണ്ട് തന്നെ ഭരണ ഘടനയെ അസ്ഥിരപ്പെടുത്താനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്ന ദേശ വിരുദ്ധ ശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളെ നാം കരുതിയിരിക്കണം. ഭരണഘടനയുടെ കാവലാളായി നാം സദാ ജാഗ്രതയോടെ ഉണര്‍ന്നിരിക്കണമെന്നും സിപിഎ ലത്തീഫ് അഭ്യര്‍ഥിച്ചു,
എസ്ഡിപിഐ തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ഷാബിൽ പിസിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി, എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, ട്രഷറർ ഇബ്രാഹിം കൂത്തുപറമ്പ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസി ജലാലുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ, മാധ്യമ പ്രവർത്തകന്‍ ഷാജി പാണ്ഡ്യാല, എസ്ഡിപിഐ തലശ്ശേരി മണ്ഡലം സെക്രട്ടറി ജുനൈദ് മട്ടാമ്പ്രം, കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് റിജാസ് തവരയിൽ, സെക്രട്ടറി കെ വി റഫീഖ് കോട്ടയം പൊയിൽ, എസ്ഡിടിയു തലശ്ശേരി ഏരിയ പ്രസിഡൻ്റ് സാജസ് ഉസ്സൻമൊട്ട, വിമൻ ഇന്ത്യ മൂവ്മെൻ്റ് കണ്ണൂർ ജില്ലാ സെക്രട്ടറി സമീറ കെവി എന്നിവർ സംബന്ധിച്ചു.