Zygo-Ad

സെന്റ് മേരീസ് ഫൊറോന പള്ളി ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയൻ പില്‍ഗ്രിം ഷ്രൈൻ പദവിയിലേക്ക്

  


തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തെ ആർക്കി എപ്പിസ്‌കോപ്പല്‍ മരിയൻ പില്‍ഗ്രിം ഷ്രൈൻ പദവിയിലേക്ക് ഉയർത്താൻ തീരുമാനം.

ഡിസംബർ 6 ന് 5.30 ന് എടൂരില്‍ നിന്നു അതി രൂപതയുടെ നേതൃത്വത്തില്‍ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് നടത്തുന്ന പ്രഥമൻ മരിയൻ തീർഥാടനത്തിനു മുന്നോടിയായുള്ള മരിയൻ സന്ധ്യയില്‍ തലശ്ശേരി അർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഔദ്യോഗിക പ്രഖ്യാപനം നടത്തും. തലശ്ശേരി അതിരൂപതയില്‍ ഈ പദവിയിലേക്കു ഉയർത്തപ്പെടുന്ന അദ്യ ദേവാലയം ആണ് എടൂർ. പ്രഖ്യാപനത്തോടെ ഏറെ പ്രാധാന്യം അർഹിക്കുന്ന മരിയൻ തീർഥാടന കേന്ദ്രമായി മാറും. 

തലശ്ശേരി അതിരൂപത സ്ഥാപിച്ചതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുവാൻ ഒരുങ്ങി കൊണ്ടിരിക്കുമ്പോഴാണു അതിരൂപതാ സ്ഥാപനത്തിനു മുൻപ് തന്നെ സ്ഥാപിക്കപ്പെട്ട എടൂരിനെ ആർക്കി എപ്പിസ്‌കോപ്പല്‍ തീർത്ഥാടനാലയം ആയി പ്രഖ്യാപിക്കുന്നത്. പരിശുദ്ധ കന്യാകാ മറിയത്തിന്റെ നാമത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്ന അതിരൂപതയിലെ ആദ്യ ദേവലയമായ എടൂരിനു അഭിമാന നിമിഷങ്ങളാണിത്.

തലശ്ശേരി അതിരൂപതയിലെ ഏറ്റവും പ്രമുഖമായ കുടിയേറ്റ മേഖലയാണ് എടൂർ. 1939 - 40 കാലഘട്ടത്തിലാണ് എടൂർ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. 1942 ല്‍ ഫാ. ജോസഫ് കൂത്തൂർ പേരാവൂരില്‍ നിന്നു നടന്നു വന്നാണ് എടൂരിന്റെ മണ്ണില്‍ ആദ്യമായി കുർബാന അർപ്പിച്ചു. തുടർന്നു ഫാ. കുര്യാക്കോസ് കുടക്കച്ചിറയും എടൂരില്‍ എത്തി കുർബാന അർപ്പിച്ചു. 

1946 ല്‍ കോഴിക്കോട് മെത്രാനായിരുന്ന ഡോ. ലിയോ പ്രൊസെർപ്പിയോ എടൂർ ഇടവക സ്ഥാപിക്കുകയും 1947 ജൂണ്‍ 24-ാം തീയതി മുതല്‍ സ്ഥിരം വികാരിയായി ഫാ. സി.ജെ. വർക്കിയെ നിയമിക്കുകയും ചെയ്തു. 1949 ല്‍ ഫാ. ജോസഫ് കട്ടക്കയം വികാരിയായി നിയമിതനായി. 1953 ഡിസംബർ 31-ാം തീയതി തലശ്ശേരി രൂപത സ്ഥാപിതമായപ്പോള്‍ എടൂർ ഇടവക തലശ്ശേരി രൂപതയിലായി. 1954 ജൂലൈയില്‍ ഫാ. സെബാസ്റ്റ്യൻ ഇളം തുരുത്തിയില്‍ വികാരിയായി. തുടർന്നു ഫാ. ഫെഡറിക് സിഎംഐ, ഫാ. അബ്രാഹം മൂങ്ങാമാക്കല്‍, ഫാ. ജോസഫ് കൊല്ലംപറമ്പില്‍ എന്നിവരും വികാരിമാരായി. ഫാ. ജോസഫ് കൊല്ലംപറമ്പിലിന്റെ ശ്രമ ഫലമായി 1970 ല്‍ ഇന്നു കാണുന്ന പളളി നിർമിച്ചത്.

തുടർന്നു ഫാ. പീറ്റർ കുട്ടിയാനി, ഫാ. ജോണ്‍ കടുകംമാക്കല്‍, ഫാ. സഖറിയാസ് കട്ടയ്ക്കല്‍, ഫാ. വർക്കി കുന്നപ്പള്ളി, ഫാ. തോമസ് നിലയ്ക്കപ്പള്ളി, ഫാ. ജോർജ് കൊല്ലക്കൊമ്പില്‍, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ. ആന്റണി പുരയിടം, ഫാ. ഇമ്മാനുവല്‍ പൂവത്തിങ്കല്‍, ഫാ. ആൻഡ്രൂസ് തെക്കേല്‍, ഫാ. ആന്റണി മുതുകുന്നേല്‍ എന്നിവർ വികാരിമാരായി. ഇപ്പോള്‍ ഫാ. തോമസ് വടക്കേമുറിയില്‍ വികാരിയും ഫാ. തോമസ് പൂകമല അസിസ്റ്റന്റ് വികാരിയുമാണ്. 2 വർഷം മുൻപാണ് എടൂർ ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷിച്ചത്.

ഈ മലയോര ഗ്രാമത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വൈജ്ഞാനിക മണ്ഡലങ്ങളിലും ആധ്യാത്മിക രംഗത്തും കുടിയേറ്റ ജനത ആർജിച്ച നേട്ടങ്ങള്‍ നിരവധിയാണ്. കുടിയേറ്റത്തിന്റെ ആദ്യ നാളുകളിലെ പ്രതിസന്ധികളിലും കഷ്ടപ്പാടുകളിലും പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തില്‍ ഇവിടുത്തെ ജനങ്ങള്‍ അഭയം പ്രാപിച്ചു.

അനുഗ്രഹ സാന്നിധ്യമായ ഇവിടെ പരിശുദ്ധ കന്യാകാ മറിയത്തിന്റെ മാധ്യസ്ഥം തേടി നാനാജാതി മതസ്ഥർ ദിവസവും ഈ ദേവാലയത്തില്‍ എത്തുന്നുണ്ട്. എടൂരമ്മയെന്നാണു വിശ്വാസികള്‍ എടൂർ പള്ളിയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ സാന്നിധ്യത്തെ ഭയഭക്തിപൂർവം വിളിക്കുന്നത്. നിലവില്‍ 9 ഇടവകകളുള്ള ഫൊറോനയാണ് എടൂർ. 

തലശ്ശേരി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയും. നൂറോളം വൈദികരും മുന്നൂറോളം സിസ്റ്റേഴ്‌സും എടൂരില്‍ നിന്ന് തിരുസഭാ സേവനത്തിനായി ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. എടൂർ ടൗണില്‍ തലയെടുപ്പോടെ ഉയർന്നു നില്‍ക്കുന്ന എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയം മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായി മാറുകയാണ്. 1500 കുടുംബങ്ങള്‍ ഉള്ള എടൂർ ഇടവക മലബാറിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രം കൂടി ആകുകയാണ്.

തലശ്ശേരി അതിരൂപതാ ആസ്ഥാനത്തു നിന്നു അറിയിപ്പ് ലഭിച്ചതോടെ അർക്കി എപ്പിസ്‌കോപ്പല്‍ മരിയൻ പില്‍ഗ്രി ഷ്രൈൻ പ്രഖ്യാപനം ഗംഭീരമാക്കുന്നതിനുള്ള തയാറെടുപ്പിലാണ് വികാരി ഫാ. തോമസ് വടക്കേമുറിയിലിന്റെയും അസിസ്റ്റന്റ് വികാരി ഫാ. തോമസ് പൂകമലയുടെയും നേതൃത്വത്തില്‍ പള്ളി കമ്മിറ്റിയും ഇടവകാ സമൂഹവും.

വളരെ പുതിയ വളരെ പഴയ