നാദാപുരം: ഉരുൾപൊട്ടലിൽ നാശം വിതച്ച വിലങ്ങാട് വന്യമൃഗശല്യത്തിൽ വലഞ്ഞ് കർഷകർ. വലിയ പാനോം, കൂത്താടി, ആനക്കുഴി, വായാട് ഭാഗങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. ഉരുൾപൊട്ടലിന് ശേഷം ഈ മേഖകളിൽ നിന്നും ജനങ്ങൾ മാറി നിൽക്കാൻ തുടങ്ങിയതോടെയാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കിറങ്ങാൻ തുടങ്ങിയത്. കാട്ടുപന്നികളും കുരങ്ങുകളുമാണ് പ്രധാനമായും കാർഷികവിളകൾ നശിപ്പിക്കുന്നത്
തെങ്ങുകളിൽ കയറി ഇളനീർ കുടിച്ച ശേഷം കുരങ്ങുകൾ ഉപേക്ഷിച്ച തൊണ്ടുകളുമായാണ് ഇന്നലെ വിലങ്ങാട് ദുരിത ബാധിതർ വില്ലേജ് ഓഫിസ് മാർച്ചും ധർണയും നടത്തിയത്. വിലങ്ങാട്ടെ സമരവേദിയിൽ ഈ ഇളനീർ തൊണ്ടുകൾ കൂട്ടിയിട്ടായിരുന്നു പ്രതിഷേധം. മൂന്ന് ഭാഗവും വനത്താൽ ചുറ്റപ്പെട്ട വിലങ്ങാട് മേഖലയിൽ ഏറെക്കാലമായി വന്യജീവി ശല്യം രൂക്ഷമാണ്. കാട്ടാനകൾ ഇടയ്ക്കിടെ കൃഷിയിടങ്ങളിലിറങ്ങി നാശമുണ്ടാക്കുന്നതും പതിവാണ്
നാളികേരത്തിന് നല്ല വില ലഭിക്കുന്ന സമയത്ത് കുരങ്ങുകൾ നാളികേരവും ഇളനീരുമെല്ലാം നശിപ്പിക്കുന്നത് കർഷകർക്ക് വെല്ലുവിളിയായിരിക്കുകയാണ്. കുരങ്ങുകൾക്ക് പുറമെ പന്നിശല്യവും വിലങ്ങാട് രൂക്ഷമാണ്. പലയിടങ്ങളിലും തെങ്ങിൻ തൈകളും മറ്റും പന്നികൾ നശിപ്പിച്ചിട്ടുണ്ട്