Zygo-Ad

ആശുപത്രിക്കിടക്കയില്‍ നിക്കാഹ്; ഫിദയുടെയും ഷാനിസിന്റെയും വിവാഹവേദിയായി സഹകരണ ആശുപത്രി


തലശ്ശേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രി കിടക്കയിലാണെങ്കിലും പറഞ്ഞുറപ്പിച്ച ദിവസം തന്നെ മകളെ നിക്കാഹ് ചെയ്തു കൊടുക്കാനായതിന്റെ സന്തോഷമായിരുന്നു തലശ്ശേരി ടൗണ്‍ ഹാള്‍ റോഡിലെ തച്ചറക്കല്‍ ബഷീറിന്റെ മുഖത്ത്.

പുതു വസ്‌ത്രമണിഞ്ഞ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ വരൻ ഇരിട്ടി സ്വദേശി ഷാനിസിന് മകള്‍ ഫിദയെ ആശുപത്രി കട്ടിലില്‍ കിടന്നു കൊണ്ട് ബഷീർ തീരുമാനിച്ചുറപ്പിച്ച ദിവസം നിശ്ചയിച്ച സമയത്ത് തന്നെ നിക്കാഹ് ചെയ്തു കൊടുത്തു. നിക്കാഹിനുളള വേദി ആശുപത്രി മുറിയായെങ്കിലും ചടങ്ങിന് സാക്ഷികളായെത്തിയവരാർക്കും പരിഭവമില്ല.

ആഹ്ലാദം നിറഞ്ഞ നിമിഷത്തില്‍ അങ്ങനെ ഫിദ ഷാനിസിന്റെ ജീവിത സഖിയായി. എല്ലാവരെയും നിറഞ്ഞ ചിരിയോടെ സ്വീകരിക്കാനായതിന് പടച്ചവനോട് നന്ദി ഓതുകയാണ് ആ പിതാവ്. നീട്ടിവെക്കാൻ ആലോചിച്ച നിക്കാഹാണ് തടസങ്ങളെല്ലാം മറി കടന്ന് നിശ്‌ചയിച്ച നാളില്‍ തന്നെ നടത്തിയത്. 

തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിയാണ്‌ രണ്ട്‌ കുടുംബത്തിലും ആഹ്ലാദം നിറച്ച വിവാഹത്തിന്‌ വേദിയായത്‌. 

പൊന്ന്യം സറാമ്പിയിലെ വീട്ടിലാണ് ഭാര്യ നൗഫിദക്കും മക്കള്‍ക്കുമൊപ്പം ബഷീർ താമസിക്കുന്നത്. ഡിസംബർ മൂന്നിനാണ് അപകടത്തില്‍പ്പെട്ടത്. സ്കൂട്ടറില്‍ ഭാര്യക്കും കുട്ടിക്കുമൊപ്പം തലശ്ശേരിയിലേക്കുള്ള യാത്രക്കിടയില്‍ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. 

ഭാര്യയും കുട്ടിയും വലിയ പോറലില്ലാതെ രക്ഷപ്പെട്ടു. ബഷീറിന്‍റെ തുടയെല്ല്‌ പൊട്ടിയതിനാല്‍ ദിവസങ്ങള്‍ നീണ്ട ചികിത്സക്കായി ആശുപത്രിയിലായി. മകളുടെ വിവാഹം മാറ്റിവെക്കാനാണ് ആദ്യം ആലോചിച്ചത്. 

ഒടുവില്‍ നിശ്‌ചയിച്ച ദിവസം ആശുപത്രിയില്‍ നിക്കാഹ്‌ നടത്താൻ തീരുമാനിച്ചു. ആശുപത്രി അധികൃതർ നിക്കാഹിന്‌ പ്രത്യേക മുറി ഒരുക്കിയതോടെ എല്ലാവരും ഹാപ്പി. 

ആശുപത്രി കിടക്കയില്‍ കിടന്ന്‌ വധുവിന്റെ പിതാവ്‌ വരന്‌ കൈകൊടുത്തു. പ്രാർഥനയോടെ എല്ലാവരും ഒരു നിമിഷം. ആശംസയുമായി ബന്ധുക്കളും ആശുപത്രി അധികൃതരുമായി ഏതാനും പേർ.

 ഡെസ്‌റ്റിനേഷൻ വെഡ്‌ഡിങ്ങിന്റെ കാലത്ത്‌ അങ്ങനെ വേറിട്ടൊരു വിവാഹം. നിക്കാഹിന്റെ റീല്‍സും നവ മാധ്യമങ്ങളില്‍ വൈറലായി.

വളരെ പുതിയ വളരെ പഴയ