തലശേരി: തലശേരി-മാഹി ബൈപ്പാസിലും സർവീസ് റോഡുകളിലും അപകടമൊഴിയുന്നില്ല. ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. അമിത വേഗം, സർവീസ് റോഡിലൂടെയുള്ള അലക്ഷ്യമായ യാത്ര. സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും യാഥാർഥ്യമാക്കാത്തത്, അശാസ്ത്രീയ സിഗ്നൽ സംവിധാനം തുടങ്ങി അപകടങ്ങൾക്ക് കാരണങ്ങൾ നിരവധിയാണ്.
2023 മാർച്ച് 11 നാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടന്നു. പണി പൂർത്തിയാകാത്ത സർവീസ് റോഡുകളിൽ മുന്നറിയിപ്പോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിച്ചു. വേഗ പരിധി ലംഘിച്ചും സിഗ്നൽ പാലിക്കാതെയും സർവീസ് റോഡിൽ ദിശ തെറ്റിച്ചും വാഹനമോടിക്കുന്നത് കാമറക്കണ്ണുകളിൽ പെ പെടില്ലെന്ന ഉറപ്പിലാണ്.
ഇരുട്ടിലാണ് ബൈപ്പാസ്
ദേശീയ പാതയിൽ തെരുവ് വിളക്കുകളില്ലാത്തത് അപകടങ്ങളിൽ വില്ലനാകുന്നുണ്ട്. ടോൾ ബൂത്തിന് സമീപം മാത്രമാണ് ലൈറ്റുള്ളത്. ഞായറാഴ്ച ഗോകുൽ രാജെന്ന യുവാവ് മരണപ്പെട്ട അപകടത്തിനും വെളിച്ചക്കുറവ് കാരണമായി. പാറാൽ ഭാഗത്ത് ദേശീയ പാതയിൽ ഒന്നാമത്തെ ലൈനിൽ ബ്രേക്ക് ഡൗണായി കിടന്ന ലോറിയുടെ പിറകിൽ ബൈക്കിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തകർന്ന് തലയ്ക്ക് പരിക്കേറ്റ് യുവാവ് തൽക്ഷണം മരിച്ചു. അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
സിഗ്നൽ പുനസ്ഥാപിക്കാത്തതിൽ വൻ പ്രതിഷേധം
എട്ട് ദിവസം മുൻപാണ് തലശേരി-മാഹി ബൈപ്പാസിലെ ഈസ്റ്റ‌് പള്ളൂർ ജങ്ഷൻ സിഗ്നലിലെ ബാറ്ററികൾ മോഷണം പോയത്. സ്പിന്നിങ് മിൽ-മാഹി റോഡ് വഴിയുള്ള യാത്ര ഇതോടെ പൂർണമായും നിലച്ച നിലയിലാണ്.
റോഡിന് മറു ഭാഗത്തെത്താൻ സർവീസ് റോഡ് വഴി കറങ്ങി വേണം വാഹനങ്ങൾക്ക് കടന്നു പോകാൻ. മോഷ്‌ടാക്കളെ പിടി കൂടാനോ പുതിയ ബാറ്ററികൾ സ്ഥാപിക്കാനോ അധികൃതർക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല.
മൂന്ന് മാസം കൊണ്ട് സിഗ്നലിൽ കാമറയും ലൈറ്റും സ്ഥാപിക്കാമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും ഇത് വരെ നടപടിയൊന്നുമാവാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. ജനകീയ സമിതിയുടെ പ്രധിഷേധ പോസ്‌റ്ററുകളും പ്രദേശത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.