തലശ്ശേരി∙ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ തിരക്കേറിയ പ്ലാറ്റ്ഫോമുകളിൽ നിറയെ നായ്ക്കളും. ഇവ കടിപിടി കൂടുന്നതും പതിവാണ്. നേരത്തേ പ്ലാറ്റ് ഫോമിൽ പട്ടിയുടെ നഖം തട്ടി യാത്രക്കാർക്ക് പരുക്കേറ്റ സംഭവം ഉണ്ടായി. സ്റ്റേഷനിലെ തെരുവുനായ്ക്കൾക്ക് രാത്രി ഇറച്ചിയുടെ അവശിഷ്ടങ്ങളുൾപ്പെടെ കൊണ്ടുവന്നു വലിച്ചെറിഞ്ഞു കൊടുക്കുന്നവരുണ്ടായിരുന്നു. ഇതു ആർപിഎഫ് തടഞ്ഞതോടെ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് തടയാനായെങ്കിലും നായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുകയാണ്.
യാത്രക്കാർക്ക് കുടിവെള്ളത്തിനായി ഒന്നാം പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച വാട്ടർ കൂളറിലെ ട്രേയിൽ നാവിട്ട് തെരുവ് നായ വെള്ളം കുടിക്കുന്ന കാഴ്ചയാണ് ഇന്നലെ ഉച്ച കഴിഞ്ഞു 3 മണിക്ക് സ്റ്റേഷനിൽ കണ്ടത്. ഇതൊന്നും അറിയാതെ ദാഹിച്ചെത്തുന്ന യാത്രക്കാർ ഇതേ ട്രേയിൽ ഗ്ലാസോ പാത്രങ്ങളോ വച്ചാണ് ഇതിൽ നിന്ന് വെള്ളം ശേഖരിക്കുക. നായപ്പേടിയിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാൻ നടപടി വേണമെന്നാണ് റെയിൽവേ യാത്രക്കാരുടെ ആവശ്യം.