സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച കായിക നയത്തിന്റെ ഭാഗമായി കായിക വകുപ്പ് നടപ്പാക്കുന്ന ഇ-സ്പോര്‍ട്സ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ഏപ്രില്‍ ആദ്യ വാരം തലശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കും.
മണ്ഡലത്തിലെ കായിക വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിലെ പുരോഗതി വിലയിരുത്തുന്നതിനായി കായിക വകുപ്പു മന്ത്രിയുമായി ബഹു. സ്പീക്കര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയം കോംപ്ലക്സ് കെട്ടിടത്തിലെ അറ്റകുറ്റപ്പണികളും സിന്തറ്റിക്ക് ട്രാക്കിലെ വിള്ളല്‍ പരിഹരിക്കുന്നതിനുമുള്ള പ്രവൃത്തിയും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
സ്പോര്‍ട്സ് കേരള ഫൗണ്ടഷന്റെ അഭിമുഖ്യത്തിലുള്ള ജിംനേഷ്യം നവീകരണം പുരോഗമിക്കുന്നു.
സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് വര്‍ക്കുകളുമായി ബന്ധപ്പെട്ട് പ്രവൃത്തിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ മണ്ഡലത്തിലെ കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ലി പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്ത് സ്വമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നതിനുള്ള ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
തലശ്ശേരി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിക്ക് കൈമാറുന്ന ചടങ്ങും ഇ-സ്പോര്‍ട്സ് കേന്ദ്രം, ജിംനേഷ്യം, സ്പോര്‍ട്സ് കോംപ്ലസ് നവീകരണ പ്രവൃത്തികളുടെ പൂര്‍ത്തീകരണം എന്നിവയുടെ ഉദ്ഘാടനവും ഏപ്രില്‍ ആദ്യ വാരം നടത്താമെന്ന് യോഗത്തില്‍ ധാരണയായി.
"ഹെല്‍ത്തി തലശ്ശേരി" പ്രഖ്യാപനമുയര്‍ത്തി മണ്ഡലത്തില്‍ വിവിധ ക്യാമ്പയിനുകള്‍ നടന്നു വരികയാണെന്നും തലശ്ശേരി മുനിസിപ്പില്‍ സ്റ്റേഡിയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അതിന് കരുത്തു പകരുന്നതാണെന്നും ബഹു. സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ജനുവരി 5-ന് നടക്കുന്ന തലശ്ശേരി ഹെറിറ്റേജ് റണ്ണില്‍ പങ്കെടുക്കാനുള്ള ബഹു. സ്പീക്കറുടെ ക്ഷണം മന്ത്രി സ്വീകരിച്ചു.
സ്പോര്‍ട്സ് വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ് ഐ.എ.എസ്., കായിക വകുപ്പ് ജോയിന്റ് സെക്രട്ടറി ജയറാം, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ സി.ഇ.ഒ. അജയന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അഷ്റഫ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കെ., കിറ്റ്കോ ടീം കോര്‍ഡിനേറ്റര്‍ അരുണ്‍ പ്രതാപ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.