വടകര: സംസ്ഥാന ടൂറിസം വകുപ്പ് നിർദേശിച്ച സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി. 95.34 കോടി രൂപയാണ് ‘ഡിവലപ്‌മെന്റ് ഓഫ് ഐക്കണിക് ടൂറിസ്റ്റ് സെന്റേഴ്‌സ് ടു ഗ്ലോബൽ സ്കെയിൽ’ പദ്ധതിയിലുൾപ്പെടുത്തി കേന്ദ്രം അനുവദിച്ചതെന്ന് പൊതു മരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 59.71 കോടി രൂപയുടെ കൊല്ലം ബയോ ഡൈവേഴ്‌സിറ്റി ആൻഡ് റിക്രിയേഷണൽ ഹബ് എന്ന പദ്ധതിക്കും അനുമതിയുണ്ട്.
ഇരിങ്ങൽ സർഗാലയ ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ വരെയുള്ള ടൂറിസം ശൃംഖലയുടെ വികസനമാണ് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതി. ലോക നിലവാരത്തിലേക്ക് ജില്ലയിലെ ടൂറിസംകേന്ദ്രങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വികസനം പദ്ധതിയിലൂടെ സാധ്യമാകും. സർഗാലയയുടെ വിപുലീകരണവും പദ്ധതിയുടെ ഭാഗമാണ്.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരം സംസ്ഥാനത്തെ ടൂറിസം വകുപ്പുദ്യോഗസ്ഥർ ഡൽഹിയിലെത്തി പദ്ധതിയുടെ വിശദമായ രൂപ രേഖ കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് രണ്ടു പദ്ധതികൾക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചത്.
ടൂറിസം രംഗത്ത് നിർണായക മാറ്റമുണ്ടാക്കും
കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതി നിർദേശങ്ങൾ സമർപ്പിച്ചത്. സംസ്ഥാനത്താകെ ടൂറിസം കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇത് സഹായകമാകും. പദ്ധതി പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് ടൂറിസം വകുപ്പ് നടപടികൾ സ്വീകരിക്കും - മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.