തലശ്ശേരി: വീടിന്റെ വരാന്തയില്‍ അതിക്രമിച്ച് കയറി ബി.ജെ.പി. പ്രവർത്തകനായ യുവാവിനെ മാരകായു ധങ്ങള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലെ സി.പി.എം പ്രവർത്തകരായ പ്രതികളെ നാലാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡജ് ജെ.വിമല്‍ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.
അഞ്ചരകണ്ടി കൊളത്ത് മലയിലെ കൊക്കുറത്ത് താഴെ വീട്ടില്‍ എം.ലിജേഷ് (38) ന്റെ പരാതി പ്രകാരമാണ് പൊലീസ് കേസ്. അക്രമത്തില്‍ തലക്ക് സാരമായി പരിക്കേറ്റ് ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലിജേഷ്.
2017 മാർച്ച് 31 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. അഞ്ചരക്കണ്ടി സ്വദേശികളായ കെ.നിധീഷ് (34), അനീഷ് (30), പി.ശാരന്ത് (25), സായൂജ് (30), സി. ദിദില്‍ (26), അമിത്ത് (25), വിപിൻ ലാല്‍ (30), നിരൻ ചാലില്‍ പി.ജി.രഞ്ജിത്ത് (25 ) എന്നിവരാണ് കേസിലെ പ്രതികള്‍. നേരത്തെ സി.പി.എം.പ്രവർത്തകന് അക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി കേസുമുണ്ട്. പ്രതികള്‍ക്ക് വേണ്ടി മുൻ ജില്ലാ ഗവ. പ്ലീഡർ അഡ്വ. സി.കെ.രാമചന്ദ്രനാണ് ഹാജരായത്.