തലശ്ശേരി: രാജ്യത്ത് മറ്റെവിടേയും കാണാത്ത റെക്കോര്‍ഡ് റൂമാണ് തലശ്ശേരി കോടതിയെ ശ്രദ്ധേയമാക്കുന്നതെന്നും, നല്ലനടപ്പ് ശിക്ഷ തൊട്ട് ജഡ്‌ജിക്കെതിരെയടക്കമുള്ള കേസുകളുടെ രേഖകള്‍ അവിടെ കാണാമെന്ന് ജില്ലാ സെഷന്‍സ് ജഡ്‌ജ് കെ.ടി.നിസാര്‍ അഹമ്മദ് പറഞ്ഞു.
കേരള വര്‍മ്മ പഴശ്ശി രാജയുടെ 220ാം രക്‌തസാക്ഷിത്വ ദിന അനുസ്‌മരണവും പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ കെ. ബാലകൃഷ്‌ണന്‍ എഴുതിയ മനുഷ്യ സങ്കടങ്ങളുടെ പാരാവാരം എന്ന പുസ്‌തത്തിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഖ്യാത ചരിത്രകാരനും ചരിത്ര ഗവേഷകനുമായ കെ.കെ. മാരാര്‍ ജില്ലാ ജഡ്‌ജിയില്‍ നിന്നും പുസ്‌തകം ഏറ്റുവാങ്ങി.
കലക്‌ടറുടെ ഓഫീസില്‍ നിന്നും ചിറക്കല്‍ കോവിലകത്തു നിന്നും ഹെര്‍മന്‍ ഗുണ്ടര്‍ട്ട് നിഘണ്ടു നിര്‍മ്മാണത്തിനായി ധാരാളം രേഖകള്‍ വിദേശത്തേക്ക് കൊണ്ടു പോയിരുന്നു. പഴശ്ശിയെ കിട്ടാതെ വന്നപ്പോള്‍ അരിശം പൂണ്ട ബ്രിട്ടീഷുകാര്‍ പഴശ്ശിയുടെ കേന്ദ്രമായ തൊടീക്കളം ക്ഷേത്രത്തിലെ കോട്ടയം രാജാവിന്റെ മുഖ പടത്തിലെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയായിരുന്നു. ഇതാണ് തൊടീക്കളത്തെ അമൂല്യ ചുമര്‍ ചിത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചതും, ലോക ശ്രദ്ധയില്‍ കൊണ്ടു വരാനും കഴിഞ്ഞതെന്ന് കെ.കെ. മാരാര്‍ പറഞ്ഞു.
429 കത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത വേദനയുടെ കഥകളാണ് പുസ്‌തകത്തില്‍ ആലേഖനം ചെയ്യപ്പെട്ടതെന്ന് പഴശ്ശി രാജാ അനുസ്‌മരണ പ്രഭാഷണം നടത്തിയ ഡോ. ജോസഫ് സ്‌കറിയ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അഡ്വ.ബി.പി. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്രണ്ണന്‍ മലയാളം സമിതി പ്രസിഡന്റ് വി.എസ്. അനില്‍കുമാര്‍, ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം തലവന്‍ ഡോ. സന്തോഷ് മാനിച്ചേരി, സംസാരിച്ചു.