Zygo-Ad

കുഴിയിലും പൊടിയിലും മുങ്ങി മൂരാട്- തിക്കോടി ദേശീയപാത

 


പയ്യോളി: കാലവർഷത്തെത്തുടർന്ന് തകർന്ന് തരിപ്പണമായ ദേശീയ പാതയിലെ കുഴിയടക്കല്‍ പ്രവൃത്തി പാതിവഴിയില്‍. ഇതേത്തുടർന്ന് മൂരാട് മുതല്‍ തിക്കോടി വരെ ദേശീയ പാതയിലൂടെയുള്ള യാത്ര അനുദിനം ദുരിതപൂർണം.

ഏറെ പ്രതിഷേധത്തെ തുടർന്നാണ് രണ്ടാഴ്ച മുമ്പ് മൂരാട് മുതല്‍ പയ്യോളി വരെ കുഴിയടക്കല്‍ പ്രവൃത്തി ആരംഭിച്ചത്.

എന്നാല്‍, മൂരാട് ഓയില്‍ മില്‍ ജങ്ഷൻ മുതല്‍ പയ്യോളി മുൻസിഫ് കോടതിക്ക് മുൻവശം വരെ പ്രധാനമായും കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡില്‍ മാത്രം കുഴിയടക്കല്‍ പ്രവൃത്തിയും റീടാറിങ്ങും ചെയ്തശേഷം പിന്നീട് പ്രവൃത്തി ഒന്നും നടന്നില്ല. തുടക്കത്തില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ട് ആരംഭിച്ച പ്രവൃത്തിക്ക് രണ്ടു ദിവസം മാത്രമായിരുന്നു ആയുസ്സ്. 

ഇപ്പോള്‍ പയ്യോളി ബസ് സ്റ്റാൻഡിന് മുൻവശത്തെ കോഴിക്കോട് ഭാഗത്തെ സർവിസ് റോഡ് സദാ സമയവും പൊടി നിറഞ്ഞ അവസ്ഥയാണ്. വായയും മൂക്കും പൊത്താതെ ഈ ഭാഗത്തു കൂടെ കാല്‍നട പോലും അസാധ്യമാണ്. ആറുവരി ദേശീയ പാതയുടെ പ്രവൃത്തിയും മന്ദഗതിയിലാണ്. 

പെരുമാള്‍പുരം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പു മുതല്‍ പയ്യോളി ഗവ. ഹൈസ്കൂള്‍ വരെ വയലിന് സമാനമായ രീതിയില്‍ ദേശീയപാത പൂർണമായും എടുത്തുമാറ്റപ്പെട്ട അവസ്ഥയാണ്. പയ്യോളി റെയില്‍വേ സ്റ്റേഷന്‍റെ മുൻഭാഗം, മൂരാട് ഓയില്‍ മില്‍ പരിസരം എന്നിവടങ്ങളിലെല്ലാം ടാറിങ് പൂർണമായും ഇല്ലാതായി. 

മഴ ശക്തമാവുമ്പോള്‍ ചളിയും വെള്ളക്കെട്ടും കാരണം ദുരിതം ഇരട്ടിയാവുകയും ചെയ്യും. ഇപ്പോള്‍ ഇടക്കിടെ പെയ്യുന്ന ചാറ്റല്‍ മഴ മാത്രമാണ് അല്‍പം ആശ്വാസം. അധികൃതരുടെയും കരാർ കമ്പനിയുടെയും കടുത്ത നിസ്സംഗതക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്.

വളരെ പുതിയ വളരെ പഴയ