Zygo-Ad

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചുണ്ടൊപ്പിന് വിട, ഇനി കൈയൊപ്പ്


 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരക്ഷരരെ കണ്ടെത്തി പേരെഴുതി ഒപ്പിടാനുള്ള പരിശീലനം നല്‍കിയ കൈയൊപ്പ് പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിച്ചു. ഇതോടെ ചുണ്ടൊപ്പിന് വിട നല്‍കി എല്ലാവരും പേരെഴുതി ഒപ്പിടുന്ന ജയിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറി.

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോം ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെയാണ്  പദ്ധതി നടപ്പിലാക്കിയത്. ജയില്‍ അന്തേവാസികളായ 978 പേരുടെ വിവരശേഖരണം നടത്തി കണ്ടെത്തിയ നിരക്ഷരരായ 51 പേര്‍ക്ക് ജയില്‍ സ്‌കൂളിലാണ് പ്രത്യേക പരിശീലനം നല്‍കിയത്. 

അക്ഷരലോകത്ത് എത്തിയ  അന്തേവാസികള്‍ക്ക് ജയിലില്‍ തന്നെ  തുടര്‍ വിദ്യാഭ്യാസം  നല്‍കും. നാലാം തരത്തിന് 13 പേരും  ഏഴാംതരത്തിന് അഞ്ച് പേരും പത്താംതരത്തിന് 12 പേരും  ഹയര്‍സെക്കന്‍ഡറിക്ക്  13 പേരും ജയിലില്‍ നിലവില്‍  പരിശീലനം നേടുന്നുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇവര്‍ക്ക് തുടര്‍ പഠനസൗകര്യവും സാക്ഷരതാ മിഷന്‍  ഒരുക്കും. 

ചടങ്ങില്‍ കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ട് കെ വേണു അധ്യക്ഷനായി. വെല്‍ഫയര്‍ ഓഫീസര്‍ സി ഹനീഫ, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍, പി ഡി ടീച്ചര്‍ പി എ ഫവാസ്, സംഘടനാ നേതാക്കളായ കെ അജിത്ത്, റിനേഷ് സി പി എന്നിവര്‍ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ