Zygo-Ad

മാലിന്യ സംസ്കരണത്തിലെ പിഴവ്; തലശ്ശേരിയിലെ വിവിധ ഷോപ്പിംഗ് കോംപ്ലക്സുകൾക്ക് പിഴ

 


തലശ്ശേരി ടൗണിലെ വിവിധ വ്യാപാര സമുച്ചയങ്ങളിൽ ജില്ലാ എൻഫോഴ്സ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണത്തിലെ അപാകതയ്ക്ക് ഷോപ്പിംഗ് കോംപ്ലക്‌സുകൾക്ക് പിഴ ചുമത്തി. നാരങ്ങാപ്പുറത്തെ ടെലി ഷോപ്പിങ്ങ് കോംപ്ലക്‌സ്, ടെലി ടവർ, ഓറഞ്ച് ടവർ, പിലാക്കണ്ടി പ്ലാസ എന്നീ വ്യാപാര സമുച്ചയങ്ങൾക്കാണ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിന് പിഴ ചുമത്തിയത്. ടെലി ഷോപ്പിങ്ങ് കോംപ്ലക്സ്, ടെലി ടവർ, ഓറഞ്ച് ടവർ എന്നിവയുടെ മുന്നിലും പരിസരത്തും ജൈവ-അജൈവമാലിന്യങ്ങൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നതായും കൂട്ടിയിട്ടതായും സ്‌ക്വാഡ് കണ്ടെത്തി. മൂന്ന് കോംപ്ലക്സുകൾക്കും 5000 രൂപ വീതം പിഴ ചുമത്തി. പിലാക്കണ്ടി പ്ലാസയിൽ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കാനായി കല്ലുകൊണ്ട് കെട്ടിയ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. നിർമ്മിതി ഉടൻ തന്നെ പൊളിച്ചുമാറ്റി ശാസ്ത്രീയമായി മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് നിർദ്ദേശം നൽകി. പ്ളാസ്റ്റിക് കത്തിച്ചതിന് പിലാക്കണ്ടി പ്ലാസയ്ക്ക് 10000 രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാനും തലശ്ശേരി നഗരസഭയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, മുനിസിപ്പിലിറ്റി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ