Zygo-Ad

ബ്രിട്ടീഷ് ഭരണകാലത്ത് വാണിജ്യ കയറ്റിറക്കുമതിയില്‍ നിറഞ്ഞുനിന്ന തലശ്ശേരി കടല്‍ത്തീരം നശിച്ചുതീരുന്നു.


തലശ്ശേരി:  ബ്രിട്ടീഷ് ഭരണകാലത്ത് വാണിജ്യ കയറ്റിറക്കുമതിയില്‍ നിറഞ്ഞുനിന്ന തലശ്ശേരി കടല്‍ത്തീരം നശിച്ചുതീരുന്നു.കടലും വേണ്ട, തീരവും വേണ്ട എന്ന സ്ഥിതിയിലേക്കാണ് പൈതൃകനഗരിയിലെ ഈ കടല്‍ത്തീരം നാശത്തിലേക്ക് കൂപ്പുകുത്തുന്നത്.

കടലിന്റെ ആവാസവ്യവസ്ഥകളെ തകിടംമറിക്കുന്ന രീതിയില്‍ തീരത്ത് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അനുദിനം വ്യാപിക്കുകയാണ്. മത്സ്യ-മാംസ മാർക്കറ്റിലെയും ജനറല്‍ ആശുപത്രിയിലെയും അഴുക്കുവെള്ളം കടത്തിവിടുന്നതും കടലിലേക്കാണ്. തലശ്ശേരി മത്സ്യമാർക്കറ്റ് മുതല്‍ പോർട്ട് ഓഫിസ് വരെയുള്ള ഭാഗത്ത് മൂക്കുപൊത്താതെ നടക്കാനാവില്ല. തലശ്ശേരിയില്‍ പ്രത്യേകം അറവുശാലയില്ലാത്തതിനാല്‍ മാംസ മാർക്കറ്റിനകത്തുതന്നെയാണ് ആടുമാടുകളെ കശാപ്പ് ചെയ്യുന്നത്. കശാപ്പിന് ശേഷമുള്ള ചോരയും അവശിഷ്ടങ്ങളും ഓവുചാലിലൂടെ കടലിലേക്കാണ് ഒഴുക്കിവിടുന്നത്.

സഞ്ചാരികള്‍ വിനോദത്തിനായി എത്തുന്ന കടല്‍പാലവും പരിസരത്തെ ഉദ്യാനവും അധികൃതർ ഇപ്പോള്‍ കൈയൊഴിഞ്ഞ നിലയിലാണ്. ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി തലശ്ശേരി കടല്‍തീരവും പാലവും സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും എല്ലാം പാഴ് വാക്കായി മാറിയിരിക്കയാണ്.

നോക്കുകുത്തിയായ പൊലീസ് എയ്ഡ്പോസ്റ്റ്

തീരം മുഴുവൻ മാലിന്യകൂമ്പാരം

തലശ്ശേരി കടലോരം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിട്ട് കാലമേറെയായി. മട്ടാമ്പ്രം ഇന്ദിര പാർക്ക് മുതല്‍ കോടതി പരിസരത്തെ ചില്‍ഡ്രൻസ് സെന്റിനറി പാർക്ക് വരെയുള്ള കടല്‍ത്തീരത്ത് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി തള്ളിയ മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞുനാറുകയാണ്.

മത്സ്യമാർക്കറ്റ് പരിസരത്താണ് മാലിന്യം കൂടുതല്‍ തള്ളിയിരിക്കുന്നത്. സ്ഥിരം മാലിന്യ നിക്ഷേപകേന്ദ്രമായി തലശ്ശേരി കടല്‍ത്തീരം മാറുകയാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നത്. കടല്‍പാലത്തിന് സമീപത്ത് കുമിഞ്ഞുകൂടിയ മാലിന്യത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മൃഗങ്ങളുടെ അവശിഷ്ടങ്ങളും പഴകിയ പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ കൂട്ടത്തിലുണ്ട്. ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും മാലിന്യം പതിവായി കടലോരത്ത് നിക്ഷേപിക്കുന്നതായും തലശ്ശേരി സിവ്യൂ പാർക്ക് മുതല്‍ സെന്റിനറി പാർക്ക് വരെയുള്ള കടല്‍ത്തീരത്ത് നഗരസഭ ശുചീകരണത്തൊഴിലാളികള്‍ മാലിന്യം തള്ളുന്നതായും ആക്ഷേപമുണ്ട്.

 കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെയും അസാന്മാർഗിക പ്രവർത്തകരുടെയും താവളമായി തലശ്ശേരി കടല്‍പാലവും സമീപത്തെ തീരവും മാറിയിരിക്കുന്നു. വിസ്മൃതിയിലേക്ക് മറയുന്ന കടല്‍പാലം പരിസരം കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പന പൊടിപൊടിക്കുന്നത്.

പ്രവേശനം നിരോധിച്ച പാലത്തിന് സമീപം വിനോദത്തിനെത്തുന്ന വിദ്യാർഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ലഹരി വില്‍പനക്കാരുടെ പ്രധാന ഇരകള്‍. തിരക്കുള്ള സമയങ്ങളിലാണ് ലഹരി വില്‍പനക്കാർ സംഘടിച്ചെത്തുന്നത്. ഒരിക്കല്‍ കണ്ടുമുട്ടിയാല്‍ പരിചയം നടിച്ച്‌ ഫോണ്‍ നമ്പർ ചോദിച്ചുവാങ്ങും. പിന്നീട് ആളുകളെ വലയില്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. കടലോരം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ്-എക്സൈസ് അധികൃതർ വൈമുഖ്യം കാണിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ