Zygo-Ad

ഇന്ദിരാഗാന്ധി ആശുപത്രി വിവാദം: ഡി.സി.സി. സെക്രട്ടറിയെ നീക്കി.


 തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വിവാദവുമായി ബന്ധപ്പെട്ട് ഡി.സി.സി. ജനറൽ സെക്രട്ടറിയും ആശുപത്രി ഡയറക്ടറുമായ സി.ടി. സജിത്തിനെതിരേ നടപടി. ഭരണസമിതിക്ക്‌ പ്രതിസന്ധിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ച സി.ടി. സജിത്തിനെ ഡി.സി.സി. ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള മുഴുവൻ പാർട്ടി സ്ഥാനങ്ങളിൽ നിന്നും കെ.പി.സി.സി. നീക്കം ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്  അറിയിച്ചു.

സജിത്തിനെതിരെ നടപടി സ്വീകരിക്കാൻ ഡി.സി.സി. ഉന്നതാധികാര സമിതി കെ.പി.സി.സി. നേതൃത്വത്തോട് ശുപാർശ ചെയ്തിരുന്നു. ആശുപത്രി പ്രസിഡന്റ് കെ.പി. സാജുവിനെതിരേ സജിത്തുൾപ്പെടെ ഭരണസമിതിയിലെ നാല് അംഗങ്ങൾ സഹകരണ ജോ. രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു.

ഇതേത്തുടർന്ന് ഡി.സി.സി. സെക്രട്ടറിയായ കെ.പി. സാജു ആസ്പത്രി പ്രസിഡന്റ് സ്ഥാനവും ഡയറക്ടർ സ്ഥാനവും രാജിവെച്ചു. ഡയറക്ടർമാരായ മീറാ സുരേന്ദ്രൻ, ടി.പി. വസന്തകുമാരി, സി.കെ. ദിലീപ്കുമാർ എന്നിവരാണ് പരാതി നൽകിയത്. ഇവരെ പാർട്ടി ഭാരവാഹിത്വത്തിൽ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ആശുപത്രി ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കാനും തീരുമാനിച്ചു.

സാജു പ്രസിഡന്റ് സ്ഥാനവും ഡയറക്ടർ സ്ഥാനവും രാജിവെച്ചെങ്കിലും ഭരണസമിതി യോഗം ചേർന്ന് സാജുവിനെ വീണ്ടും ഡയറക്ടറാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ