തലശ്ശേരി : തലശ്ശേരി ജനറൽ ആശുപത്രിയിൽ സൗകര്യം വർധിപ്പിക്കുന്നു. 111 രോഗികൾക്കുള്ള ചികിത്സാ സൗകര്യം കൂടി ഒരുങ്ങി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വാർഡുകളുടെ നവീകരണ പ്രവൃത്തി പൂർത്തിയായി. വാർഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെ ആശുപത്രിയിൽ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു.180 രോഗികളെ പ്രവേശിക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. വാർഡുകൾ നവീകരിച്ചതോടെ 291 രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാകും.
ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളും റാമ്പും ബലപ്പെടുത്തി. വാർഡിലേക്ക് കയറിപ്പോകുന്ന റാമ്പ് തകർച്ചയിലായതിനാൽ അടച്ചിട്ടിരുന്നു.റാമ്പിന്റെ മുകൾ ഭാഗത്ത് നിന്ന് കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങിയതോടെ കെട്ടിടത്തിനു തന്നെ ഭീഷണിയായി. റാമ്പ് നവീകരിച്ചതോടെ വാർഡിലേക്ക് കയറിപ്പോകാൻ സൗകര്യമായി. പുരുഷൻമാരുടെ മെഡിക്കൽ വാർഡ്, സ്ത്രീകളുടെ വാർഡ് എന്നിവിടങ്ങളിൽ നവീകരണം പൂർത്തിയായി.രണ്ട് വാർഡുകളിലും 40 വീതം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. ലേബർറൂം തുറക്കുന്നതോടെ 14 രോഗികൾക്കുള്ള സൗകര്യം ലഭ്യമാകും
സ്ത്രീകളുടെ ഏഴ് കിടക്കകളുള്ള ഐ.സി.യു. പ്രവർത്തനസജ്ജമായി. സ്ത്രീകളുടെ തീവ്രപരിചരണ വിഭാഗം നവീകരിച്ചു. ഇവിടെ നാല് രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. നിലവിൽ ലേബർറൂം പ്രവർത്തിക്കുന്ന വാർഡിൽ ഇനി തിമിരരോഗ ശസ്ത്രക്രിയ വിഭാഗം പ്രവർത്തിക്കും. ഇവിടെ 10 രോഗികളെ കിടത്തിച്ചികിത്സിക്കാൻ കഴിയും.നിലവിൽ മൂന്ന് രോഗികൾക്കുള്ള സൗകര്യം മാത്രമാണുള്ളത്.സർക്കാർ സഹായത്തോടൊപ്പം ആശുപത്രി വികസനഫണ്ട്, ഐ.എം.എ. കേരളശാഖ,ആൽഫ സർജിക്കൽസ് എന്നിവയുടെ സഹായവും ലഭിച്ചു.സ്പീക്കർ എ.എൻ. ഷംസീർ മുൻകൈയെടുത്താണ് നവീകരണ പ്രവൃത്തി നടത്തിയത്.