കോഴിക്കോട്: വിവാഹം കഴിക്കാൻ അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്കായി കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം സംഘടിപ്പിച്ച സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പിലേക്ക് ഒഴുകിയെത്തിയത് ഏഴായിരത്തോളം പേർ. പരമാവധി ആയിരം പേരെ പ്രതീക്ഷിച്ച സ്ഥാനത്ത് വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. 1,500 അപേക്ഷാഫോമുകൾ തയ്യാറാക്കിയിരുന്നത് മിനിറ്റുകൾക്കകം തീർന്നതിനെ തുടർന്ന് ഫോട്ടോകോപ്പിയെടുത്താണ് വിതരണം ചെയ്തത്.
അപേക്ഷകരുടെ നീണ്ട നിര ദേശീയപാതയിലേക്ക് നീണ്ടതോടെ തിരക്ക് നിയന്ത്രിക്കാൻ പോലീസും സ്ഥലത്തെത്തി. പുലർച്ചെ ഏഴു മണിക്ക് ആരംഭിച്ച ഫോം വിതരണം സന്ധ്യ കഴിഞ്ഞും തുടരേണ്ടിവന്നു. അപേക്ഷകരിൽ 80 ശതമാനവും 30 വയസ്സിന് മുകളിലുള്ള പുരുഷന്മാരായിരുന്നു. മക്കൾക്ക് പങ്കാളിയെ കണ്ടെത്താൻ രക്ഷിതാക്കളും ക്യാമ്പിലെത്തി. രജിസ്റ്റർ ചെയ്ത വിവരങ്ങൾ ക്രോഡീകരിച്ച് ഉടൻ തന്നെ അപേക്ഷകർക്ക് കൈമാറുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
