Zygo-Ad

ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളി വിമതർ മത്സരരംഗത്ത്


തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉറപ്പായി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ കോൺഗ്രസ് നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളി നാല് വിമത സ്ഥാനാർഥികൾ മത്സരരംഗത്ത് ഉറച്ചുനിൽക്കുകയാണ്. മഹിളാ കോൺഗ്രസ് നേതാവ് ജിഷ വള്ള്യായി, പ്രഭാകരൻ കാക്കേരി കല്ലിക്കണ്ടി, എ.ആർ ചിന്മയി, എ. പ്യാരി എന്നിവരാണ് പിന്മാറാതെ മത്സരിക്കാൻ തീരുമാനിച്ചത്. 13 അംഗ ഭരണസമിതിയിലേക്ക് നവംബർ 29ന് തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പത്രിക നൽകിയ 37 പേരിൽ മുൻ പ്രസിഡന്റ് മമ്പറം ദിവാകരൻ, വി.സി പ്രസാദ്, സി.ടി സജിത്ത് തുടങ്ങിയവർ പത്രിക പിൻവലിച്ചു. ആറുപേരുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. നിലവിൽ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന കണ്ടോത്ത് ഗോപി, മുൻ പ്രസിഡന്റ് കെ.പി സാജു, പി.കെ അബ്ദുള്ള തുടങ്ങി 13 പേരാണ് ഔദ്യോഗിക പാനലിൽ ജനവിധി തേടുന്നത്. അതേസമയം, എ ക്ലാസ് മെമ്പർമാരിൽനിന്ന് മത്സരിച്ച ഡോ. രഞ്ജിത്തും 40 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച വീണ വിശ്വനാഥും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ പരാജയപ്പെടുത്തിയാണ് കെ. സുധാകരൻ വിഭാഗം ആശുപത്രി ഭരണം പിടിച്ചെടുത്തത്.

അതിനിടെ, ഇന്ദിരാഗാന്ധി ആശുപത്രിയിൽ റിട്ടേണിങ് ഓഫീസർ രാത്രി വൈകിയും ക്യാമ്പ് ചെയ്ത് പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമം തുടരുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. മത്സരരംഗത്തുള്ള നാലുപേരെയും കോൺഗ്രസ് നേതൃത്വം രാത്രി ബന്ധപ്പെട്ടിരുന്നു. ഏതുവിധേനയും നാമനിർദേശ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്നും ഇതിന് റിട്ടേണിങ് ഓഫീസർ കൂട്ടുനിൽക്കുകയാണെന്നും വിമത വിഭാഗം ആരോപിക്കുന്നു.


 

വളരെ പുതിയ വളരെ പഴയ