തിരുവങ്ങാട് പഞ്ചവാദ്യ സംഘം മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തലശ്ശേരി വാദ്യ മഹോത്സവം ഒക്ടോബർ 9 മുതൽ 11 വരെ ജഗന്നാഥ ക്ഷേത്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 3.30ന് ആരാധ്യ മനോജ്, ഹരിനന്ദ് രാജേഷ് എന്നിവരുടെ ഇരട്ടത്തായമ്പകയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് പഞ്ചാരിമേളം, തായമ്പക അരങ്ങേറ്റം എന്നിവ നടക്കും.
10ന് പ്രദീപൻ കടേപ്രത്തിന്റെ തായമ്പകയും വൈകിട്ട് 5 മണിക്ക് അനിൽ ആറങ്ങോട്ടുകരയുടെ പ്രമാണത്തിൽ തിരുവങ്ങാട് വാദ്യസംഘത്തിന്റെ പഞ്ചവാദ്യവും 6 മണിക്ക് പാണ്ടിമേളവും അരങ്ങേറും.
ഞായറാഴ്ച ഷിബു കോടിയേരി, ഗൗതം കൃഷ്ണ എന്നിവരുടെ ഇരട്ടത്തായമ്പക നടക്കും. ചടങ്ങിൽ വിദ്യാർത്ഥികളെ ആദരിക്കും. വൈകിട്ട് 6.30ന് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ 51 പേർ അണിനിരക്കുന്ന വിപുലമായ പാണ്ടിമേളവും ഉണ്ടായിരിക്കും. തിരുവങ്ങാട് വാദ്യകലാ അക്കാദമിയിൽ തായമ്പക, കുറുംകുഴൽ, കൊമ്പ് എന്നിവയിൽ പരിശീലനം നൽകിവരുന്നുണ്ടെന്നും വിജയദശമി ദിനത്തിൽ പുതിയ ബാച്ച് ആരംഭിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
