Zygo-Ad

തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ കൈക്കൂലി വാങ്ങുന്നതായി പരാതി; അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്


തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലെ ചില ജീവനക്കാർ മൃതദേഹങ്ങൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് പണം ഈടാക്കുന്നതായി പരാതി. മരണപ്പെട്ടവരുടെ ബന്ധുക്കളിൽ നിന്നും അനധികൃതമായി പണം ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. ജമീലയ്ക്ക് പരാതി നൽകി.

മൃതദേഹം വിട്ടുനൽകുന്നതിനും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി തുക ആവശ്യപ്പെടുന്നതിൽ ചില പുറത്തുനിന്നുള്ള വ്യക്തികളുടെ ഇടപെടലുണ്ടെന്നും പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖത്തിലായ കുടുംബങ്ങളുടെ പ്രയാസകരമായ സാഹചര്യം മുതലെടുത്ത് നടത്തുന്ന ഇത്തരം പ്രവണതകൾ ആശുപത്രിയുടെ സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കും കടുത്ത ആഘാതമുണ്ടാക്കുന്നതാണ്.

മോർച്ചറിക്ക് പുറത്ത് അടിയന്തരമായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്നും വിഷയത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാരായ ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ജംഷീർ മഹമ്മൂദ്, ജനറൽ സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം, മുൻസിപ്പൽ പ്രസിഡന്റ് റമീസ് നരസിംഹ, ആക്ടിംഗ് ജനറൽ സെക്രട്ടറി റുഫൈസ് ഉബൈസ് എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന് പരാതി സമർപ്പിച്ചത്.


വളരെ പുതിയ വളരെ പഴയ