Zygo-Ad

തലശ്ശേരി ലോഗൻസ് റോഡിൽ അമിതവേഗതയും അനധികൃത പാർക്കിങ്ങും: ട്രാഫിക് പോലീസിന് നാട്ടുകാരുടെ കൂട്ടപരാതി


തലശ്ശേരി: ലോഗൻസ് റോഡിൽ അനധികൃത പാർക്കിങ്ങും വാഹനങ്ങളുടെ അമിതവേഗവും കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. ഫുട്പാത്തിൽ പോലും വാഹനങ്ങൾ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നതോടെ ജനങ്ങൾക്ക് റോഡിലിറങ്ങി നടക്കേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്.

കോഴിക്കോട്ടുനിന്നുള്ള ദീർഘദൂര ബസുകൾ അമിതവേഗത്തിൽ പായുന്നതും ചില ഇരുചക്രവാഹനങ്ങൾ വൺവേ തെറ്റിച്ച് സഞ്ചരിക്കുന്നതും പ്രദേശത്ത് അപകടഭീതി വർധിപ്പിക്കുന്നു. സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർ ദിവസവും ജീവൻ പണയം വെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.

മേഖലയിലെ ട്രാഫിക് പ്രശ്നങ്ങൾക്കും ഗതാഗതക്കുരുക്കിനും അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കൂട്ടപരാതി നൽകി. വിഷയം കലാം സർക്കിൾ ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു.

ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്ക് പൂർണ്ണമായും തിരിച്ചുനൽകാനും നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയം ശ്രദ്ധയിൽപ്പെടുത്തി പ്രദേശവാസികൾ നഗരസഭ കൗൺസിലർക്കും പരാതി കൈമാറിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ