തലശ്ശേരി: പ്രശസ്ത സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്ററുടെ പതിമൂന്നാം ചരമദിനത്തോടനുബന്ധിച്ച് പാനൂർ മ്യൂസിക് ലവേഴ്സിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി സെന്റിനറി പാർക്കിൽ 'രാഘവീയം' സംഗീത സായാഹ്നം സംഘടിപ്പിച്ചു. രാഘവൻ മാസ്റ്ററുടെ ഗാനങ്ങളെക്കുറിച്ച് സജീവ് ഒതയോത്ത് രചിച്ച 'കായലരികത്തെ പാട്ടുകാരൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പരിപാടി ഉദ്ഘാടനം ചെയ്യുകയും പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു. എഴുത്തുകാരൻ രാജു കാട്ടുപുനം പുസ്തകം ഏറ്റുവാങ്ങി പരിചയപ്പെടുത്തി. വി.എൻ. രൂപേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ഹരീന്ദ്രൻ രാഘവസ്മരണ പ്രഭാഷണം നടത്തി. രാജേന്ദ്രൻ തായാട്ട് സ്വാഗതവും ഗ്രന്ഥകർത്താവ് സജീവ് ഒതയോത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് രാഘവൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ 'മഞ്ഞണിപ്പൂനിലാവിൽ' ഗാനസന്ധ്യയും അരങ്ങേറി. രാഘവൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്ന സെന്റിനറി പാർക്കിൽ നടന്ന പരിപാടി അദ്ദേഹത്തിന്റെ ഗാനസ്മരണകൾ പുതുക്കുന്നതായി.
