Zygo-Ad

മമ്മിമുക്ക് - പെരിങ്ങാടി റോഡ് ടൂറിസം കേന്ദ്രമാക്കാൻ മന്ത്രിമാർക്ക് നിവേദനം നൽകി


തലശ്ശേരി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ മമ്മിമുക്ക് മുതൽ പെരിങ്ങാടി റെയിൽവേ പാലം വരെയുള്ള പ്രദേശം ആധുനിക സൗകര്യങ്ങളോടെ ടൂറിസം കേന്ദ്രമായി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ അസ്‌ലം ടി എച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനും ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും തിരുവനന്തപുരത്തെത്തി നിവേദനം നൽകി.

റെയിൽവേ പാലത്തിന് സമീപം അവസാനിക്കുന്നതിനാൽ വാഹനഗതാഗതം കുറഞ്ഞ ശാന്തമായ അന്തരീക്ഷമുള്ള പ്രദേശമാണിത്. സമീപത്ത് പഞ്ചായത്തിന്റെ മിനി സ്റ്റേഡിയവും സ്ഥിതിചെയ്യുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് പാകുക, ഇരിപ്പിടങ്ങളും ലൈറ്റുകളും സ്ഥാപിക്കുക, ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, പബ്ലിക് ടോയ്‌ലറ്റ്, കോഫി ഷോപ്പുകൾ എന്നിവ സജ്ജീകരിക്കുക തുടങ്ങി ഏകദേശം 3 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണ് നിവേദനത്തിലൂടെ സമർപ്പിച്ചത്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒഴിവുസമയങ്ങൾ ചെലവഴിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് അസ്‌ലം ടി എച്ച് പറഞ്ഞു. വിഷയം പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു.




വളരെ പുതിയ വളരെ പഴയ