Zygo-Ad

തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട കാറിൽ നിന്ന് പെട്രോൾ ചോർന്നു; സമയോചിത ഇടപെടലിൽ ദുരന്തം ഒഴിവായി

 




തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് മുനിസിപ്പൽ കാർ പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ട കാറിൽനിന്ന് വൻതോതിൽ പെട്രോൾ ചോർന്നത് പരിഭ്രാന്തി പരത്തി. കാറിന്റെ അടിഭാഗത്തുനിന്ന് പെട്രോൾ ചോർന്ന് പാർക്കിങ് പ്രദേശമാകെ പരന്നതോടെയാണ് ആളുകൾ ആശങ്കയിലായത്. എന്നാൽ സമീപത്തുണ്ടായിരുന്നവരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

കാറിന് സമീപത്തെ കടയിലെ ജീവനക്കാരിയാണ് ആദ്യം പെട്രോളിന്റെ രൂക്ഷഗന്ധം ശ്രദ്ധിച്ചത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാവും അതുവഴി വന്ന എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകനും ചേർന്ന് ട്രാഫിക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തലശ്ശേരി ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ. ശ്രീജിത്ത് വാഹന നമ്പർ പരിശോധിച്ച് ഉടമയെ ഉടൻ തന്നെ സ്ഥലത്തെത്തിച്ചു.

ഉടമ എത്തുന്നതിനിടെ സാന്ത്വനം പ്രവർത്തകൻ കാറിന്റെ അടിയിൽ ഇളകിക്കിടന്ന പൈപ്പ് താൽക്കാലികമായി ഘടിപ്പിച്ച് ചോർച്ച തടഞ്ഞു. പിന്നീട് കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ പൈപ്പ് വീണ്ടും ഇളകി പെട്രോൾ തെറിച്ചെങ്കിലും ഉടൻ തന്നെ വാഹനം ഓഫ് ചെയ്ത് വീണ്ടും സുരക്ഷിതമായി പൈപ്പ് ഘടിപ്പിച്ചു. പരിസരത്ത് പെട്രോൾ പടർന്നതിനെ തുടർന്ന് ഫയർഫോഴ്സിനെയും വിവരമറിയിച്ചു.

നിരവധി വാഹനങ്ങളും ആളുകളും ഉള്ള സ്ഥലത്ത് വൻ തീപിടിത്തത്തിനുള്ള സാധ്യതയാണ് ഇതിലൂടെ ഇല്ലാതായത്. തുടർന്ന് വാഹനം നന്നാക്കുന്നതിനായി ഇൻഡസ് സർവീസ് ടെക്നിക്കൽ ടീമുമായി ബന്ധപ്പെടുകയും ചെയ്തു. ജീവനക്കാരി, ആശുപത്രി ജീവനക്കാരനായ യുവാവ്, എസ്.ഐ. ശ്രീജിത്ത്, എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകൻ എന്നിവരുടെ ജാഗ്രതയാണ് വലിയ അപകടം ഒഴിവാക്കിയത്.

വളരെ പുതിയ വളരെ പഴയ