തലശ്ശേരി - മാഹി ബൈപ്പാസ് നിലവിൽ വന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ ചോനാടം ജങ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാരായി രാജൻ എം.എൽ.എ. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ജങ്ഷനിലെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് എം.എൽ.എ. ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രധാനപാത, സർവീസ് റോഡുകൾ, ബൈപ്പാസ് എൻട്രൻസ്, പൊന്നം കുണ്ടുചിറ റോഡ്, എറിഞ്ഞോളി തോട്ടുമൽ റോഡ് ഉൾപ്പെടെ ഏഴ് റോഡുകൾ സംഗമിക്കുന്ന പ്രധാന കവലയാണ് ചോനാടം. ഇവിടെ തുടർച്ചയായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് യാത്രക്കാരെയും ഓട്ടോ തൊഴിലാളികളെയും വലിയ ദുരിതത്തിലാക്കുന്നുണ്ട്. മലബാർ കാൻസർ സെന്റർ, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള ആംബുലൻസുകളും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും കടന്നുപോകുന്ന ഈ കവലയിൽ ജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ എത്രയും വേഗം ഫലപ്രദമായ ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.

