തലശ്ശേരി പിണറായി എസ്ബിഐ ശാഖയിലെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളി. കതിരൂർ ഉക്കാസ്മൊട്ട നസീലാസിൽ എം. നിജാസ്, കണ്ണൂർ താണ മർഹബയിൽ എം.കെ. മുഹമ്മദ് നിയാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മൂന്നാം തവണയും കോടതി തള്ളിയത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ് കള്ളനോട്ടെന്നും ഇതിന്റെ ഉറവിടം കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂട്ടർ കെ. അജിത്കുമാറിന്റെ വാദം പരിഗണിച്ചാണ് നടപടി.
കേസിന്റെ അന്വേഷണം ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) ഏറ്റെടുത്തതായി ഇൻസ്പെക്ടർ കെ.വി. സൂരജ് കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ ശേഖരിക്കേണ്ടതുണ്ട്. നോട്ടിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുമെന്നും എടിഎസ് വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചതിൽ സംശയകരമായ ഇടപാടുകൾ നടന്നതായി സൂചനയുണ്ട്. റിമാൻഡിലുള്ള രണ്ടാംപ്രതി കുഴൽപ്പണ ഇടപാടിലെ പ്രധാന കണ്ണിയാണെന്ന് സാക്ഷിമൊഴികളുണ്ടെന്നും എടിഎസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പിണറായി എസ്ബിഐ ബ്രാഞ്ചിന്റെ സിഡിഎം തുറന്ന് പണം എണ്ണുമ്പോഴാണ് 500 രൂപയുടെ 11 കള്ളനോട്ടുകൾ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചാണ് ഒന്നാം പ്രതി എം. നിജാസിനെ ഓഗസ്റ്റ് 28ന് അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി മുഹമ്മദ് നിയാസിനെ ഓഗസ്റ്റ് 30നും അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 29 മുതൽ സിറ്റി ക്രൈംബ്രാഞ്ച് എസിപി അന്വേഷിച്ച കേസ് പിന്നീട് എടിഎസിന് കൈമാറുകയായിരുന്നു.
ഒന്നാംപ്രതിയുടെ സഹോദരിയുടെ ഭർത്താവ് വിദേശത്തുനിന്ന് കുഴൽപ്പണ ശൃംഖല വഴി അയച്ച 25,000 രൂപയിലാണ് കള്ളനോട്ടുകൾ ഉൾപ്പെട്ടിരുന്നത്. രണ്ടാംപ്രതിയാണ് ഈ തുക സഹോദരിക്ക് കൈമാറിയത്. ഇതിൽ 15,000 രൂപ സിഡിഎമ്മിൽ നിക്ഷേപിക്കാൻ സഹോദരി ഒന്നാം പ്രതിക്ക് നൽകി. തുക അക്കൗണ്ടിൽ ക്രെഡിറ്റായതോടെ യുപിഐ വഴി ഒന്നാംപ്രതിയുടെ അക്കൗണ്ടിലേക്ക് തിരിച്ചയക്കുകയും, പിന്നീട് ഒന്നാംപ്രതി ഈ തുക സഹോദരിക്ക് യുപിഐ വഴി കൈമാറുകയുമായിരുന്നു. വ്യാജ നോട്ടുകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പണം സിഡിഎമ്മിൽ നിക്ഷേപിച്ചതെന്ന് എടിഎസ് കോടതിയെ അറിയിച്ചു.
