പേരാവൂർ: തലശ്ശേരി-ബാവലി റോഡിലെ നെടുംപൊയിൽ-പേര്യ ചുരത്തിൽ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കൂറ്റൻ പാറക്കല്ലുകളും ഒരു മാസം പിന്നിട്ടിട്ടും പൂർണ്ണമായി നീക്കം ചെയ്യാതെ അധികൃതർ. ചുരത്തിലെ 29-ാം മൈലിൽ നാലാം ഹെയർപിൻ വളവിന് സമീപമാണ് ഇപ്പോഴും മണ്ണും കല്ലുകളും റോഡിൽ കിടക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രാത്രിയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് മണിക്കൂറുകളോളം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കുന്നതിനായി റോഡിന്റെ ഒരു വശത്തെ മണ്ണ് മാത്രമാണ് നീക്കം ചെയ്തത്. എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും ബാക്കി മണ്ണും പാറക്കല്ലുകളും മാറ്റാത്തതിനാൽ നിലവിൽ ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
കണ്ണൂർ-വയനാട് യാത്രയ്ക്കുള്ള പ്രധാന പാതയായ ഇവിടെ ബസുകളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നത്. രണ്ടു ദിശകളിൽ നിന്നും ഒരേസമയം വാഹനങ്ങൾ വരുമ്പോൾ കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെടുന്നുണ്ട്. കൂടാതെ, ഇടിഞ്ഞ ഭാഗത്തെ പാറകളിൽ വിള്ളലുകൾ കാണപ്പെടുന്നതിനാൽ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. മഴ ശക്തമായാൽ വൻ അപകടത്തിന് സാധ്യതയുള്ളതിനാൽ റോഡ് ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
