തലശ്ശേരി: വൈദ്യുതി മുടക്കി ജനങ്ങളെ ഇരുട്ടിലാക്കുന്ന സർക്കാരിന്റെ നിരുത്തരവാദിത്വത്തിനെതിരെ ബി.ജെ.പി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എം. പി. സുമേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ കാലങ്ങളായി ദുരിതത്തിലാക്കുന്ന നടപടികളാണ് മുന്നണികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എം. പി. സുമേഷ് ആരോപിച്ചു. ഭരിക്കുന്ന കാലഘട്ടങ്ങളിലൊക്കെയും അഴിമതി നടത്തിയിരുന്നവർ വീണ്ടും അഴിമതിക്ക് കോപ്പുകൂട്ടുകയാണ്. പവർകട്ടിന്റെ പേരിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കരാറുകളുണ്ടാക്കി കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനീഷ് കൊളവട്ടം, വൈസ് പ്രസിഡന്റ് ടി. എം. നിശാന്ത്, ജില്ലാ ട്രഷറർ കെ. അനിൽകുമാർ, ജില്ലാ സെക്രട്ടറി പ്രീത പ്രദീപ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ. അജേഷ്, മണ്ഡലം ജനറൽ സെക്രട്ടറി എ. പി. നിഷാന്ത് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
