തലശ്ശേരി: കൊല്ലത്ത് വെച്ച് നടക്കുന്ന ജെ എൻ ഹോക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ സെമി ഫൈനലിൽ കടന്നു. ഓഗസ്റ്റ് 1 മുതൽ 4 വരെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ആദ്യ മത്സരത്തിൽ പത്തനംതിട്ടയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്താണ് മുബാറക് മുന്നേറ്റം തുടങ്ങിയത്. മലപ്പുറത്തിനെതിരായ രണ്ടാം മത്സരം വാശിയേറിയ പോരാട്ടത്തിനൊടുവിൽ 2-2 സമനിലയിൽ അവസാനിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് മലപ്പുറത്തെ കീഴടക്കിയത്. മികച്ച ആക്രമണവും പ്രതിരോധവും പുറത്തെടുത്ത മുബാറക് ടീമിന്റെ പ്രകടനം ശ്രദ്ധേയമായി.
സെമി ഫൈനലിൽ കരുത്തരായ തിരുവനന്തപുരം ജി. വി. രാജ സ്പോർട്സ് സ്കൂളാണ് മുബാറക്കിന്റെ എതിരാളികൾ.
