വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു എന്നാണ് വിവരം. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് ഈ അപകടമുണ്ടായത്. മണ്ണ് കൂട്ടിയിട്ടതും തുടർച്ചയായി പെയ്ത ശക്തമായ മഴയുമാണ് അപകടത്തിന് കാരണമായത്. നിലവിൽ പ്രദേശത്ത് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. എങ്കിലും മണ്ണുമാറ്റി ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം മഴ അതിശക്തമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ ഇന്ന് റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
