Zygo-Ad

വയനാട് മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയർന്നു, മണ്ണിനടിയില്‍ എത്ര പേര്‍ കുടുങ്ങിയെന്നത് അവ്യക്തം


വയനാട്: കള്ളാടിയില്‍ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചില്‍ മരണ സംഖ്യ ഉയരുന്നു. മൂന്നു പേർ മരിച്ചതായാണ് റിപ്പോർട്ട്.

മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച്‌ നിലവില്‍ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂർണമായും തകർന്നു.

 


അതേസമയം, മന്ത്രിമാരായ ടി സിദ്ധീഖും അനില്‍ കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചത്. നിലവില്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്ഥലത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കി. നാട്ടുകാരും ഫയർഫോഴ്സും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നിരുന്നു. 

തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് മതില്‍ ഉള്‍പ്പെടെ ഇടിഞ്ഞുവീണാണ് അപകടം. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയില്‍ പെയ്തത്. തൊഴിലാളികളും റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും മണ്ണിനടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആശങ്ക. അഞ്ച് പേരെ ആശുപത്രിയിലാക്കിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 നിലവില്‍ 9 പേരാണ് വയനാട് വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്.

വയനാട് അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി പറഞ്ഞിരുന്നു.

 മണ്ണ് മാറ്റണമെന്ന് 20ന് കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കരാറുകാർ നിർദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും ‌മുഖ്യമന്ത്രി പ്രതികരിച്ചു. നിലവിൽ കോഴിക്കോടും ഇരിട്ടി, പേരാവൂർ ഫയർഫോഴ്സും കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ