തലശേരി :കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്ന തലശേരി ഒ വി റോഡിലെ വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിൽ പൊലീസ് റെയ്‌ഡ് നടത്തി. പരിശോധനയിൽ നിക്ഷേപ ബോണ്ടുകളും ഷെയർ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു.
കെട്ടിടത്തിന്റെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് എസ്ഐമാരായ കെ അശ്വതി, സി പി രാജീവൻ, ഷിബു, റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകളിലത്തെ നിലയിലുള്ള ഓഫീസിലേക്ക് കടന്നത്. പൊലീസെത്തുമ്പോൾ സ്ഥാപനത്തിലെ ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. സൊസൈറ്റിയിലെ ലോക്കറുകൾ തുറന്ന നിലയിലുമാണ് കണ്ടെത്തിയത്.
തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന രേഖകളിൽ ഏറെയും ഇവിടെനിന്ന് കടത്തിയതായി കരുതുന്നു. സ്ഥാപനത്തിലെ സിസിടിവി കാമറയുടെ ഹാർഡ് ഡിസ്കുകളും കാണാതായിട്ടുണ്ട്. റെയ്ഡ് നടക്കുമ്പോൾ സംഘം ഭാരവാഹികളാരും സ്ഥലത്തുണ്ടായിരുന്നില്ല.
ജൂൺ 26-ന് സംഘം സെക്രട്ടറി പിണറായി പടന്നക്കര സ്വദേശി ജ്യോജീഷ് ഓഫീസ് പൂട്ടി മുങ്ങിയതോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചത്. പിന്നീട് അറസ്റ്റിലായ ഇയാളെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എന്നാൽ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് തിരികെ കോടതിയിൽ ഹാജരാക്കി തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വഞ്ചിക്കപ്പെട്ട കൂടുതൽ നിക്ഷേപകർ പരാതികളുമായി പൊലീസിനെ സമീപിക്കുന്നുണ്ട്. നാലരക്കോടിയോളം രൂപയാണ് നിക്ഷേപകർക്ക് ഈ സ്ഥാപനത്തിൽ നിന്ന് തിരികെ ലഭിക്കാനുള്ളത്.
