കോഴിക്കോട്: വടകരയില്‍ മൂന്ന് അദ്ധ്യാപികമാർ ഉള്‍പ്പെടെ നാലുപേർ പിടിയിലായ എംഡിഎംഎ കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന.
പിടിയിലായ അദ്ധ്യാപികമാരുടെയും ഡെലിവറി ബോയിയുടെയും വാട്‌സാപ്പ് സന്ദേശങ്ങളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
പല ജില്ലകളിലായി ലഹരി വസ്‌തുക്കള്‍ എത്തിക്കുന്നത് ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ലഹരി വില്‍ക്കുമ്പോള്‍ അദ്ധ്യാപികമാർക്ക് ലഭിക്കുന്ന പണം ഡെലിവറി ബോയി വഴിയാണ് ഇയാള്‍ക്ക് കൈമാറിയിരുന്നത്. വയനാട് സ്വദേശിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യല്‍ എജ്യൂക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എല്‍പി സ്‌കൂളില്‍ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അദ്ധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യല്‍ എജ്യൂക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി പി നീഷ്‌മ, ഓണ്‍ലൈൻ ഡെലിവറി ഏജന്റായ ജിജില്‍ കുര്യാക്കോസ് എന്നിവരാണ് ഇതുവരെ കേസില്‍ പിടിയിലായിട്ടുള്ളത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ജിജിലിന്റെ അക്കൗണ്ടില്‍ ആറ് മാസത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ജിജിലിന്റെ ഫോണ്‍ സൈബർ സെല്ല് പരിശോധിക്കുകയാണ്.
