തലശ്ശേരി :ഉപരിപഠനത്തിനായി യുവതലമുറ വിദേശത്തേക്ക് കുടിയേറുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്. തലശ്ശേരി സാൻജോസ് മെട്രോപോളിറ്റൻ സ്കൂൾ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസവും സമ്പൂർണ്ണ സാക്ഷരതയും നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയായിരിക്കെ ജഗദീപ് ധൻകർ തന്റെ അധ്യാപികയെ കാണാൻ തലശ്ശേരിയിലെത്തി അനുഗ്രഹം വാങ്ങിയ സംഭവം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മന്ത്രി ഓർമ്മിപ്പിച്ചു.
കണ്ണൂരിന്റെ സംഘർഷഭരിതമായ കാലഘട്ടത്തിൽ സമൂഹത്തിന് വെളിച്ചം പകരാനാണ് കാൽനൂറ്റാണ്ട് മുൻപ് സാൻജോസ് മെട്രോപോളിറ്റൻ സ്കൂൾ ആരംഭിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. സ്കൂളുകളിൽ യൂണിഫോം നടപ്പിലാക്കിയത് ചാവറ പിതാവാണെന്നും, അത് കുട്ടികൾക്കിടയിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതിലുകളില്ലെന്ന ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോസഫ് കാക്കരമറ്റം, കാരായി രാജൻ എംഎൽഎ, ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
