തലശേരി നഗരസഭയിലെ വിവിധ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് തലശ്ശേരി നിയോജക മണ്ഡലം എംഎല്‍എ കാരായി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. പദ്ധതികളുടെ മുഴുവന്‍ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പ്രത്യേക അനുമതികള്‍ എംഎല്‍എയുടെ ഇടപെടലിലൂടെ ഉടന്‍ ലഭ്യമാക്കും.
മലബാര്‍ ക്യാന്‍സര്‍ സെന്ററിലേക്കും മറ്റും 12.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള മൂന്ന് കോടി രൂപയുടെ ജലസംഭരണി നിര്‍മ്മാണ പ്രവര്‍ത്തിയും സുനാമി കോളനിയിലെ മൂന്ന് കോടി രൂപയുടെ 12.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയില്‍ നിന്നും പ്രധാന ലൈന്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തിയും നിലവില്‍ പുരോഗമിക്കുകയാണ്. നഴ്സിംഗ് കോളേജ് മുതല്‍ ജമ്പ് ബ്ലാസ്റ്റ് ജംഗ്ഷന്‍ വരെ അഞ്ച് കോടി രൂപ ചെലവില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും കുട്ടിമാക്കോലില്‍ നിന്ന് സമ്പിലേക്ക് പൈപ്പ് സ്ഥാപിക്കലും ബൂസ്റ്റര്‍ സമ്പും പമ്പ് ഹൗസും നിര്‍മ്മിക്കുന്ന മൂന്ന് കോടി രൂപയുടെ പ്രവര്‍ത്തിയും ഉടന്‍ ആരംഭിക്കും.
അമൃത് കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കാനും ഇതിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനും ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ ഭാരതി, സിഒടി ഷബീര്‍, സ്മിത, കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, നഗരസഭ സെക്രട്ടറി എന്‍ സുരേഷ് കുമാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ഗ്രേസി ജോസഫ്, റിജു എന്നിവരും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.
