Zygo-Ad

ദേശീയപാതയിലെ മണ്ണിടിച്ചിൽ: ഷാഫി പറമ്പിൽ എം.പി.യുടെ അടിയന്തര ഇടപെടൽ; ഭീഷണി നേരിടുന്ന വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കും, ജൂലൈ 7-ന് കളക്ടറേറ്റിൽ പ്രത്യേക യോഗം വിളിച്ചു

 


വടകര: അഴിയൂർ - വെങ്ങളം ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന വടകര മുക്കാളി ഭാഗത്തുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ഷാഫി പറമ്പിൽ എം.പി.യുടെ അടിയന്തര ഇടപെടൽ. 

സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ഭാഗത്ത് ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയെത്തുടർന്ന് മണ്ണൊലിച്ച് പോവുകയും സമീപത്തെ രണ്ട് വീടുകൾ കടുത്ത അപകട ഭീഷണിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് എം.പി. വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. എം.പി.യുടെ നിർദ്ദേശത്തെ തുടർന്ന് റവന്യൂ, ദേശീയപാതാ അധികൃതരും ജനപ്രതിനിധികളും അപകട സ്ഥലം അടിയന്തരമായി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 

അപകടാവസ്ഥയിലുള്ള വീടുകളിലെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും, അവർക്ക് താൽക്കാലിക താമസത്തിനുള്ള വാടക ലഭ്യമാക്കാനും എം.പി.യുടെ നിർദ്ദേശപ്രകാരം തീരുമാനമായി.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന കടക്കാട്ടിൽ, എം.പി.യുടെ സെക്രട്ടറി പ്രദീപൻ കെ., വടകര ആർ.ഡി.ഒ. പ്രസീത്, താലൂക്ക് തഹസിൽദാർ ലതേഷ് കുമാർ, വിവിധ എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചത്.

ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുടനീളം ജനങ്ങൾ നേരിടുന്ന അടിയന്തര വിഷയങ്ങളും ആശങ്കകളും ചർച്ച ചെയ്യുന്നതിനായി ഷാഫി പറമ്പിൽ എം.പി. പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

 വരുന്ന ജൂലൈ 07-ന് രാവിലെ 10:30-ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം നടക്കുക. എം എൽ എ മാർ, മുനിസിപ്പൽ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ദേശീയപാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനൊപ്പം പാതയിൽ വിവിധയിടങ്ങളിൽ രൂപപ്പെട്ടിട്ടുള്ള വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം കാണൽ, സർവീസ് റോഡുകളിലെ തകരാറുകളും യാത്രാക്ലേശവും പരിഹരിക്കൽ എന്നിവയ്ക്ക് യോഗത്തിൽ എം.പി. മുൻകൈയ്യെടുക്കും. 

ഇതോടൊപ്പം നാട്ടുകാർ ഉന്നയിക്കുന്ന പുതിയ അണ്ടർപാസുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജുകൾ എന്നിവ അനുവദിപ്പിക്കുന്ന കാര്യത്തിലും ഈ യോഗത്തിലൂടെ വേഗത്തിൽ തീരുമാനമുണ്ടാക്കുമെന്ന് ഷാഫി പറമ്പിൽ എം.പി. വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ