Zygo-Ad

തലശ്ശേരിയിൽ ഓട്ടോറിക്ഷകളിൽ നിന്ന് പണം കവരുന്ന കാസർഗോഡ് സ്വദേശി പിടിയിൽ

 


തലശ്ശേരി: റോഡരികിൽ നിർത്തിയിടുന്ന ഓട്ടോറിക്ഷകളുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് പണം കവരുന്നത് പതിവാക്കിയ കാസർഗോഡ് സ്വദേശിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചിറ്റാരിക്കൽ ആയന്നൂരിലെ പൊൻമലക്കുന്നേൽ ഷൈജു ജോസഫാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം തലശ്ശേരി ജനറൽ ആശുപത്രിക്കടുത്തുള്ള ലാബിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽനിന്ന് 8,000 രൂപ കവർന്ന കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. 

ഓട്ടോ ഡ്രൈവറായ മാലൂർ മല്ലനൂർ വൃന്ദാവനിൽ പി വി വിജിത്ത് നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിജിത്ത് ഓട്ടോ നിർത്തി പുറത്തു പോയ തക്കം നോക്കി ഡ്രൈവർ വേഷത്തിലെത്തിയ ഷൈജു ജോസഫ് ഡാഷ് ബോക്സ് കുത്തിത്തുറന്ന് പണം കവരുകയായിരുന്നു.

പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാനമായ രീതിയിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.

 സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞിരുന്ന പൊലീസുകാരൻ ഇയാളെ കണ്ടെത്തുകയും സ്റ്റേഷനിൽ വിവരമറിയിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

വളരെ പുതിയ വളരെ പഴയ