Zygo-Ad

നിക്ഷേപകരുടെ സങ്കടക്കണ്ണീരിൽ തലശ്ശേരി വ്യാപാരഭവൻ; ഒട്ടേറെ പേർക്ക് പണം നഷ്ടമായതായി പരാതി

 

 ഒളിവിൽ പോയ സംഘം സെക്രട്ടറി ജ്യോജിഷ് 


തലശ്ശേരി: വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പിനിരയായവരുടെ സങ്കടക്കണ്ണീരിൽ തലശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് വിങ്ങിപ്പൊട്ടി. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ തുക നഷ്ടപ്പെട്ട നിക്ഷേപകരാണ് തങ്ങളുടെ വേവലാതികളുമായി രംഗത്തെത്തിയത്.

തലശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരിയായ പാനൂർ സ്വദേശി പ്രസീന മകളുടെ ഉപരിപഠനത്തിനായി മാറ്റിവെച്ച ഒൻപത് ലക്ഷത്തി എഴുപത്തയ്യായിരം രൂപയാണ് സംഘത്തിൽ നിക്ഷേപിച്ചത്. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ ലഭിക്കാതായതോടെ പോലീസിലും ഏകോപന സമിതി ഓഫീസിലും കയറിയിറങ്ങി മടുത്ത അവസ്ഥയിലാണ് ഈ അമ്മ. മസ്കറ്റിൽ പ്രവാസിയായിരുന്ന അണ്ടലൂർ സ്വദേശി സുരേന്ദ്രന് നഷ്ടമായത് പത്തുലക്ഷം രൂപയാണ്. കേരള ബാങ്കിൽ സംഘത്തിന് അറുപത് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് സെക്രട്ടറി പണം വാങ്ങിയതെന്ന് സുരേന്ദ്രൻ പറയുന്നു.

എസ്ബി അക്കൗണ്ടിലിട്ട രണ്ടര ലക്ഷം രൂപ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് തലശ്ശേരിയിലെ വ്യാപാരിയായ ഷംസീർ. പാലയാട് സ്വദേശി മഹേഷിന്റെ പതിനഞ്ച് ലക്ഷം രൂപയ്ക്കും, കാലിന്റെ ശസ്ത്രക്രിയയ്ക്കായി അണ്ടലൂർ സ്വദേശി ചന്ദ്രൻ മാറ്റിവെച്ച രണ്ട് ലക്ഷം രൂപയ്ക്കും ഇപ്പോൾ നിക്ഷേപ സർട്ടിഫിക്കറ്റ് മാത്രമാണ് കൈവശമുള്ളത്. അഞ്ചര പവൻ സ്വർണം നൽകി സ്ഥിരനിക്ഷേപമാക്കിയ മഞ്ഞോടിയിലെ ഷാജിയും തുക തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കൺസൾട്ടേഷൻ ഏജന്റായ സിന്ധുവിന്റെ പന്ത്രണ്ട് പവൻ സ്വർണവും നിക്ഷേപമാക്കി മാറ്റിയിരുന്നു.

മുഴപ്പിലങ്ങാട് സ്വദേശി അനുകൂലിന്റെ 37.95 ലക്ഷം രൂപ, സഹോദരി പി ജഷീനയുടെ 17 ലക്ഷം രൂപ, മഞ്ഞാടി പെരിങ്കളത്തെ കെ സി ജലജയുടെ 55.70 ലക്ഷം രൂപ എന്നിവയും തട്ടിപ്പിൽ പെട്ടിട്ടുണ്ട്. ഇവരുടെ പരാതിയിൽ നിലവിൽ കേസെടുത്തിട്ടുണ്ട്. അണ്ടലൂർ സ്വദേശി എ സുരേശന്റെ 75,000 രൂപയും പാനൂരിലെ ശ്രീജിത്തിന്റെ 11 ലക്ഷം രൂപയും സംഘത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സംഘം സെക്രട്ടറി സി പി റിജ്യോജിഷിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ