Zygo-Ad

ദേശീയപാത വികസനം: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഷാഫി പറമ്പിൽ എം.പി.യുടെ അടിയന്തര ഇടപെടൽ; നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കളക്ടറേറ്റ് യോഗത്തിൽ തീരുമാനം

 


വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റീച്ചിൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ ഷാഫി പറമ്പിൽ എം.പി.യുടെ നേതൃത്വത്തിൽ നിർണായക ഇടപെടൽ. എം.പി.യുടെ പ്രത്യേക താല്പര്യപ്രകാരം കളക്ടറേറ്റിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ, പദ്ധതി പ്രദേശങ്ങളിലെ നിർമ്മാണ പ്രവൃത്തികൾ കൃത്യമായ സമയപരിധിക്കുള്ളിൽ തീർപ്പാക്കാൻ കർശന നിർദ്ദേശം നൽകി.

കാലവർഷം കനത്ത സാഹചര്യത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, അഴിയൂർ-വെങ്ങളം റീച്ചിലെ സർവീസ് റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതയോഗ്യമാക്കാൻ എം.പി. ആവശ്യപ്പെട്ടു. സർവീസ് റോഡുകളിലെ ഡ്രൈനേജ് സംവിധാനത്തിലെ പാളിച്ചകൾ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ടുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് അടിയന്തരമായി മുൻഗണന നൽകി പരിഹാരം കാണും. വീതി കുറഞ്ഞ സർവീസ് റോഡുകളിൽ കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും, മണ്ണിടിച്ചിൽ ഉണ്ടായ മുക്കാളിയിൽ അപകടഭീഷണി നേരിടുന്ന കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കാനും യോഗത്തിൽ തീരുമാനമായി.

മണ്ഡലത്തിലെ വിവിധയിടങ്ങളിൽ അണ്ടർപാസുകളും ഓവർപാസുകളും വേണമെന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങൾ ഷാഫി പറമ്പിൽ എം.പി. യോഗത്തിൽ ശക്തമായി ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചേമഞ്ചേരിയിലെ വെറ്റിലപ്പാറ, കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ അണേല, വടകരയിലെ പാലയാട്ടുനട, കെ.ടി ബസാർ, നാദാപുരം റോഡ്, മീത്തലെ മുക്കാളി എന്നിവിടങ്ങളിലെ അണ്ടർപാസുകൾക്കായുള്ള ആവശ്യങ്ങളും, പഴങ്കാവിലെ ഓവർപാസിന്റെ സാധ്യതകളും പരിശോധിക്കാൻ ദേശീയപാത അതോറിറ്റിയോട് നിർദ്ദേശിച്ചു. കൂടാതെ, അഴിയൂർ - വെങ്ങളം ദേശീയപാതയിൽ കൂടുതൽ ഫൂട്ട് ഓവർബ്രിഡ്ജുകൾ അനുവദിക്കുന്ന കാര്യവും അതോറിറ്റി പരിശോധിക്കും.

എം.പി.യുടെ നിർദ്ദേശപ്രകാരം പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി റെവന്യൂ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഈ വരുന്ന ഒൻപതാം തീയതി പ്രാഥമിക പരിശോധന നടത്തും. ഇതിന് പിന്നാലെ ഷാഫി പറമ്പിൽ എം.പി., എം.എൽ.എമാർ, ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന സംയുക്ത സംഘം നേരിട്ട് സ്ഥലം സന്ദർശിച്ച് അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളും.

ഷാഫി പറമ്പിൽ എം.പി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺ കുമാർ, വടകര എം.എൽ.എ കെ.കെ. രമ, ജില്ലാ കളക്ടർ, കൊയിലാണ്ടി, വടകര മുൻസിപ്പൽ ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത് അംഗം. ശ്രീ. ഷഹീൻ, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, മൂടാടി, തിക്കോടി, ഒഞ്ചിയം, ചോറോട്, അഴിയൂർ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ,  ദേശീയപാത വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ