തലശ്ശേരി: മദ്യപിച്ച് അലക്ഷ്യമായി ഓട്ടോറിക്ഷ ഓടിച്ച് നിയന്ത്രണംവിട്ട് രണ്ട് കുട്ടികള്‍ തെറിച്ചു വീണ സംഭവത്തില്‍ ഡ്രൈവർക്കെതിരേ തലശ്ശേരി പൊലീസ് കേസെടുത്തു.
പൊന്ന്യം വെസ്റ്റ് സ്രാമ്പിയിലെ ജമീല മൻസിലില്‍ എം.എ മുഹമ്മദ് ഷെരീഫിനെതിരേ (56) ആണ് കേസെടുത്തത്. കഴിഞ്ഞ എട്ടിന് രാവിലെ 9.20 ഓടെ ജനറല്‍ ആശുപത്രിക്ക് മുൻവശത്തുള്ള റോഡിലായിരുന്നു സംഭവം.
തലശ്ശേരി ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിലെ സബ് ഇൻസ്‌പെക്ടർ കെ. സജിത് കുമാറും സംഘവും ഇത് കാണുകയും ഉടൻ തന്നെ ഓട്ടോറിക്ഷ നിർത്തിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് ഡ്രൈവറോട് പേരും വിവരങ്ങളും ചോദിച്ചറിഞ്ഞ സമയത്ത് മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. ഇയാളെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
മദ്യപിച്ചെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ വകുപ്പുകള്‍ ചുമത്തിയ ശേഷം പ്രതിക്ക് നോട്ടിസ് നല്‍കി ജാമ്യത്തില്‍ വിട്ടയച്ചു. ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു.
