തലശ്ശേരി: പ്രശസ്തമായ തലശ്ശേരി ശ്രീജഗന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇളനീരഭിഷേകം നടന്നു. തലശ്ശേരിയിൽ നിന്നും പരിസരപ്രദേശങ്ങളിലുള്ള നൂറുകണക്കിന് മഠങ്ങളിൽനിന്നും സങ്കേതങ്ങളിൽ നിന്നുമായി വ്രതശുദ്ധിയോടെ എത്തിയ ഭക്തസംഘങ്ങൾ സമർപ്പിച്ച ആയിരക്കണക്കിന് ഇളനീരുകളാണ് ഭഗവാന് അഭിഷേകം ചെയ്തത്.
അഭിഷേക ചടങ്ങുകൾക്ക് മുന്നോടിയായി ക്ഷേത്രത്തിൽ പ്രത്യേക ശീവേലി എഴുന്നള്ളത്തും വിശേഷാൽ പൂജകളും നടന്നു. മേൽശാന്തി സജേഷ് കട്ടപ്പന, വിനു ശാന്തി, രഹിൻ ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇന്നലെ രാത്രി 9.40 നായിരുന്നു പ്രധാന ചടങ്ങായ ഇളനീരഭിഷേകം നടന്നത്. ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യനും ഡയറക്ടർമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോവിഡ് ജാഗ്രതകളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് നൂറുകണക്കിന് വിശ്വാസികളാണ് ഈ പുണ്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷേത്രമുറ്റത്ത് എത്തിയത്.
: https://www.localnews.com/
