നാദാപുരം: നാദാപുരത്ത് വ്യാപാരികൾ ഇടപെട്ട് നിർബന്ധപൂർവ്വം അടപ്പിച്ചു പൂട്ടിയ തമിഴ്നാട് സ്വദേശിയുടെ കട നാട്ടുകാർ ഒത്തുചേർന്ന് തുറപ്പിച്ചു. തമിഴ്നാട് സ്വദേശിയായ വ്യാപാരിക്ക് നേരെ നടന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിരോധവുമായി നാട്ടുകാർ തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. അന്യസംസ്ഥാന വ്യാപാരിക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് നാട്ടുകാർ പ്രഖ്യാപിച്ചു. വ്യാപാരികളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെയുള്ള ജനങ്ങളുടെ ഈ നീക്കം പ്രദേശത്ത് വലിയ ശ്രദ്ധേയമായി മാറി.
നാദാപുരത്ത് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങളുടെ വിൽപന കേന്ദ്രത്തിന് നേരെയാണ് വ്യാപാരികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടായത്. പകൽ സമയത്തായിരുന്നു വ്യാപാരികൾ സംഘടിച്ചെത്തി ഈ കട നിർബന്ധപൂർവ്വം അടപ്പിച്ചത്. എന്നാൽ വിവരമറിഞ്ഞ് തമിഴ്നാട് സ്വദേശിക്ക് സംരക്ഷണവുമായി നാട്ടുകാർ ഒന്നടങ്കം രംഗത്തെത്തുകയും രാത്രിയോടെ കട വീണ്ടും തുറപ്പിക്കുകയുമായിരുന്നു.
