തലശേരി: തലശേരി ജനറൽ ആശുപത്രിയിലെ വിവിധ മരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക അവലോകന യോഗം ചേർന്നു. ആശുപത്രി കോമ്പൗണ്ടിനുള്ളിലെ റോഡ് നിർമ്മാണം അടുത്ത ടെൻഡറിൽ തന്നെ ഉൾപ്പെടുത്തി, കരാറുകാരെക്കൊണ്ട് ഉടൻ പ്രവൃത്തി ആരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നഗരസഭാ ചെയർപേഴ്സൺ എൻജിനീയർമാർക്ക് നിർദേശം നൽകി.
ആശുപത്രി വളപ്പിൽ അപകടാവസ്ഥയിലായ വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിന് ലഭിച്ച എസ്റ്റിമേറ്റ് പരിശോധിച്ച്, തുടർനടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. ആശുപത്രിയുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്തുതീർക്കേണ്ട പ്രവൃത്തികളെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് യോഗത്തിൽ വിശദീകരിച്ചു. ആശുപത്രിയിലെ ഓരോ പ്രവൃത്തികളും വിശദമായി അവലോകനം ചെയ്ത യോഗം, വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട പ്രവൃത്തികൾ മുൻഗണനാ ക്രമത്തിൽ ഉൾപ്പെടുത്താനും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വഴി ചെയ്യാൻ സാധിക്കുന്നവ അതിലൂടെ നടപ്പാക്കാനും തീരുമാനിച്ചു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. സതി, ഷബീർ, ഭാരതി, എൻ. സുരേഷ് കുമാർ, ആശുപത്രി സൂപ്രണ്ട് വി. കെ. രാജീവൻ, ഗ്രേസി ജോസഫ് എന്നിവരും പങ്കെടുത്തു.
