വോട്ടെണ്ണൽ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിയ കർശന പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. ചക്ക്യത്ത്മുക്ക് ഭാഗത്ത് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മുപ്പത്തിയൊന്നര ലിറ്റർ മാഹി മദ്യവുമായി പിണറായി സ്വദേശി ടി പി ലത്തീഫിനെ കൂത്തുപറമ്പ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ സുനിലിന്റെ നേതൃത്വത്തിൽ കോപ്പാലം ഗോപാൽപേട്ട തലായി ഉസ്സൻമൊട്ട തുടങ്ങിയ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടെയാണ് പ്രതി വലയിലായത്. മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ച് വൻതോതിൽ മദ്യം വിതരണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പ്രമാണിച്ച് ജില്ലയിൽ വരും ദിവസങ്ങളിലും കർശന നിരീക്ഷണം തുടരും.
