തലശ്ശേരി : അന്താരാഷ്ട്ര നേഴ്സസ് ദിനത്തിൻറെ ഭാഗമായി കോടിയേരി മലബാർ കാൻസർ സെൻറർ ഓങ്കോളജി നഴ്സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനകീയ ആരോഗ്യ ബോധവൽക്കരണ വാരാഘോഷം ആരംഭിച്ചു.
തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ മലബാർ കാൻസർ സെൻറർ വിജിലൻസ് ഓഫീസർ പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് സൂപ്രണ്ട് സിന്ധു രാജേഷ് അധ്യക്ഷയായി.
അടിസ്ഥാന ജീവൻ രക്ഷാ ഉപായങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഡെമോൺസ്ട്രേഷൻ ക്ലാസ് സ്റ്റാഫ് നേഴ്സ് പി.ദീപു രാജ് നയിച്ചു. ഹൃദയ സ്തംഭനം, ഭക്ഷണം തൊണ്ടയിൽ കുടുങ്ങുക, വെള്ളത്തിൽ മുങ്ങിപ്പോവുക തുടങ്ങിയ ആകസ്മിക സംഭവങ്ങളിൽ എടുക്കേണ്ട രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. സ്റ്റേഡിയത്തിൽ
പ്രഭാത സവാരിക്കും കായിക പരിശീലനത്തിനുമായി എത്തിയവർക്കും ക്ലാസ് പുതിയ അനുഭവമായി. എൻ. ആർ.സിന്ധു സ്വാഗതവും സി.കെ ഫൈസൽ നന്ദിയും പറഞ്ഞു.
