താമരശ്ശേരി: രാത്രി കിടക്കുന്നതിന് മുൻപ് ശുചിമുറിയിലെത്തിയ ഗൃഹനാഥൻ ക്ലോസറ്റിനുള്ളില്‍ മൂർഖൻ പാമ്പിനെ കണ്ട് ഞെട്ടി.
താമരശ്ശേരി ചാലക്കര ഫൈസലിന്റെ വീട്ടിലാണ് സംഭവം. ഇന്ത്യൻ സ്റ്റൈല്‍ ക്ലോസറ്റിനുള്ളില്‍ നിന്ന് പാമ്പ് ചീറ്റിയതോടെ വീട്ടുകാർ പരിഭ്രാന്തരായി ഉടൻ തന്നെ ആർആർടി സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
ജില്ലാ ആർആർടി റെസ്ക്യൂ അംഗം നാസർ കൈപ്പുറം സ്ഥലത്തെത്തിയെങ്കിലും പാമ്പ് ക്ലോസറ്റിന്റെ പൈപ്പിനുള്ളിലേക്ക് വലിയുകയായിരുന്നു.
ഒടുവില്‍ ടോയ്‌ലറ്റ് സീറ്റ് പൂർണ്ണമായും വെട്ടിപ്പൊളിച്ച് ഒരു മണിക്കൂർ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് മൂർഖനെ പുറത്തെടുത്തത്. രാത്രി 11 മണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനം അർദ്ധരാത്രി വരെ നീണ്ടു നിന്നു.
ക്ലോസറ്റിനുള്ളിലൂടെയും പാമ്പുകള്‍ കയറിപ്പറ്റാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നല്‍കി.
ശുചിമുറി ഉപയോഗിക്കുന്നതിന് മുൻപ് പരിശോധിക്കുന്നത് സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആള്‍താമസമില്ലാത്ത വീടുകളിലോ കാടുപിടിച്ച പരിസരങ്ങളിലോ ഇത്തരം സംഭവങ്ങള്‍ വർധിക്കാൻ സാധ്യതയുള്ളതിനാല്‍ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.