പേരാമ്പ്ര: പേരാമ്പ്രയില്‍ ജനവിധി തേടി ബൂത്തിലെത്തിയ വോട്ടർക്ക് നേരെ ക്രൂര മർദ്ദനം. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എ.സി ബാലകൃഷ്ണനും സംഘവുമാണ് വോട്ട് ചെയ്യാനെത്തിയ ബെൻഷിറ എന്ന യുവതിയെ ക്രൂരമായി മർദ്ദിച്ചത്.
കാരയാട് എല്‍പി സ്കൂളിലെ 194-ാം നമ്പർ ബൂത്തിലാണ് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
പ്രായമായ അയല്‍വാസിയെ വോട്ട് ചെയ്യാൻ സഹായിക്കാനായി ബൂത്തിലെത്തിയതായിരുന്നു യുഡിഎഫ് അനുഭാവിയായ ബെൻഷിറ. എന്നാല്‍, വൃദ്ധയെ എന്തിന് കൂട്ടി വന്നു എന്ന് ചോദിച്ച് സിപിഎം നേതാവ് അക്രമം അഴിച്ചു വിടുകയായിരുന്നു.
'ഞങ്ങളുടെ വോട്ടറായ വൃദ്ധയെ എന്തിനാണ് നീ കൂട്ടി വന്നത്' എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു മർദ്ദനമെന്ന് ബെൻഷിറ പരാതിപ്പെട്ടു.
പ്രായമായവരെ പോലും സ്വന്തം താല്പര്യത്തിന് വിട്ടുകൊടുക്കാതെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിക്കുന്ന സിപിഎം തന്ത്രത്തിന്റെ ഭാഗമായാണ് ഈ അക്രമമെന്ന് യുഡിഎഫ് ആരോപിച്ചു.
വോട്ടർമാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനും ബൂത്ത് പിടിച്ചെടുക്കാനുമുള്ള നീക്കമാണ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നത്. പഞ്ചായത്ത് ഭരണ സമിതിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ തന്നെ പരസ്യമായി സ്ത്രീയെ മർദ്ദിച്ചത് നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്.
സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും സിപിഎം സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. പേരാമ്പ്രയില്‍ സിപിഎം ഭീകരതയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
